ലക്നൗ: മത്സരിച്ച 79 സീറ്റുകളിലും തോറ്റ് ദയനീയ പരാജയം ഏറ്റുവാങ്ങി മായാവതിയുടെ ബഹുജൻ സമാജ് പാർട്ടി. നാല് തവണ ഉത്തർ പ്രദേശിൽ മുഖ്യമന്ത്രി ആയിരുന്ന മായാവതിയാണ് വൻ പരാജയം ഏറ്റുവാങ്ങിയത്. ഇതോടെ യുപിയിൽ ബിഎസ്പിയുടെ കാലം അവസാനിച്ചുവെന്ന വിലയിരുത്തലിലാണ് രാഷ്‌ട്രീയ നിരീക്ഷകർ.
68 കാരിയായ മായാവതി 1995, 1997, 2002, 2007 വർഷങ്ങളിൽ യുപി മുഖ്യമന്ത്രിയായിരുന്നു. എന്നാൽ, പിന്നീടുള്ള വർഷങ്ങളിൽ ബിഎസ്പിക്ക് മുന്നേറാൻ സാധിച്ചില്ല. 2019-ൽ അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടിയുമായി സഖ്യമുണ്ടാക്കിയാണ് 10 സീറ്റുകൾ നേടിയത്. എന്നാൽ, ഇത്തവണ ഒറ്റക്ക് മത്സരിച്ചതോടെ കനത്ത തിരിച്ചടിയാണ് നേരിട്ടത്.
ഉത്തർപ്രദേശ് രാഷ്‌ട്രീയത്തിൽ ദളിതരുടെ നേതാവായാണ് മായാവതിയെ കണ്ടിരുന്നത്. ഇക്കുറി വർഗീയ വോട്ടുകൾ കൂടി ലക്ഷ്യമിട്ട് മുസ്ലീം സ്ഥാനാർത്ഥികളെയാണ് കൂടുതൽ സീറ്റുകളിലും നിർത്തിയത്. നിലപാടിൽ മാറ്റം വന്നതോടെ പരമ്പരാഗതമായി കൂടെ നിന്ന ദളിത് വിഭാഗങ്ങളും മായാവതിയെ കൈവിട്ടുവെന്ന് പറയാം. ഇക്കുറി ബിഎസ്പിക്ക് ലഭിച്ച വോട്ട് ശതമാനം 9.39 ശതമാനം മാത്രമാണ്. 2022 ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിച്ച വോട്ട് വിഹിതത്തെക്കാൾ 3 ശതമാനം കുറവാണിത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 12.88 ശതമാനമായിരുന്നു വോട്ട് വിഹിതം.
യുപിയിലെ 79 സീറ്റുകൾക്ക് പുറമേ രാജ്യത്താകെ 424 സ്ഥാനാർത്ഥികളെ ബിഎസ്പി മത്സരിപ്പിച്ചിരുന്നു. എന്നാൽ വോട്ട് ശതമാനം രണ്ടിൽ ഒതുങ്ങി. കഴിഞ്ഞ മൂന്ന് ദശാബ്ദത്തിനുളളിൽ ഇത് രണ്ടാം തവണയാണ് ലോക്‌സഭയിൽ ബിഎസ്പിക്ക് ഒരു പ്രതിനിധി പോലും ഇല്ലാതാകുന്നത്. ഇതിന് മുൻപ് 2014 ലും പാർട്ടിക്ക് ഒരു സീറ്റ് പോലും വിജയിക്കാനായില്ല. 2004 ൽ 19 സീറ്റുകളും 2009 ൽ 21 സീറ്റുകളിലും വിജയിച്ച സ്ഥാനത്താണ് ഇപ്പോഴത്തെ ദയനീയ തോൽവി.















