തിരുവനന്തപുരം: സുരേഷ് ഗോപിക്ക് ആശംസ നേർന്ന് നടൻ മമ്മൂട്ടി. പ്രിയപ്പെട്ട സുരേഷിന്റെ വിജയത്തിന് ആശംസകൾ എന്നായിരുന്നു മമ്മൂട്ടി ഫെയ്സ് ബുക്കിൽ കുറിച്ചത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് താരങ്ങൾ ആശംസയുമായി രംഗത്തെത്തിയത്. മോഹൻലാൽ, ഉണ്ണി മുകുന്ദൻ, മുക്ത, അനുശ്രീ തുടങ്ങി നിരവധി താരങ്ങളും ആശംസ അറിയിച്ചിരുന്നു.
അഭിനന്ദിക്കാൻ കാട്ടിയ സ്നേഹത്തിന് ചങ്കൂറ്റത്തിന് അഭിനന്ദനം, വെറും വിജയമല്ല. അക്കൗണ്ട് തുറപ്പിക്കില്ല എന്ന് വെല്ലുവിളി നടത്തിയവർക്കുള്ള മറുപടി. ഇതാണ് ചരിത്രവിജയം എന്നിങ്ങനെ നിരവധി കമന്റുകളാണ് മമ്മൂട്ടിയുടെ പോസ്റ്റിന് വരുന്നത്.
തൃശൂരിലെ ജനങ്ങൾ പ്രതീക്ഷിച്ച വിജയമായിരുന്നു സുരേഷ് ഗോപിയുടേത്. 4,12,338 വോട്ടുകളാണ് സുരേഷ് ഗോപി നേടിയത്. 74,686 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജയം. വിജയം ഉറപ്പിച്ചതിന് പിന്നാലെ മണ്ഡലത്തിലെ പ്രജാ ദൈവങ്ങൾക്കും പാർട്ടി പ്രവർത്തകർക്കും സുരേഷ് ഗേപി നന്ദിയും അറിയിച്ചിരുന്നു. തൃശൂരിലെ കറ തീർന്ന മതേതര വോട്ടുകളാണ് തനിക്ക് കിട്ടിയത്. ഒരു വർഗീയ പ്രചാരണവും താൻ നടത്തിയിട്ടില്ല. പാർട്ടിയുടെ നല്ല അനുസരണയുള്ള പ്രവർത്തകനും എംപിയും ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















