പാലക്കാട്: തൃശൂർ സുരേഷ് ഗോപിയെ എടുത്തിരിക്കുകയാണെന്ന് സന്ദീപ് ജി വാര്യർ. ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിലാണ് കേരളത്തിൽ സുരേഷ് ഗോപിയിലൂടെ താമര വിരിഞ്ഞതിലെ സന്തോഷം സന്ദീപ് വാര്യർ പങ്കുവച്ചത്. ഒരു മനുഷ്യനെ, സ്‌നേഹിക്കാൻ മാത്രമറിയാവുന്ന ഒരു പാവത്തിനെ, നഷ്ടപ്പെട്ട മകളുടെ ഓർമ്മയിൽ പെൺകുട്ടികളെ ഏറെ സ്‌നേഹിക്കുന്ന ഒരച്ഛനെ, വേട്ടയാടിയ എതിരാളികൾക്കും മാദ്ധ്യമങ്ങൾക്കും തൃശൂരിലെ ജനങ്ങൾ മറുപടി കൊടുത്തു കഴിഞ്ഞു. ഇത്തവണ സുരേഷ് ഗോപി തൃശൂർ എടുക്കുകയല്ല , തൃശൂർ സുരേഷ് ഗോപിയെ എടുത്തിരിക്കുന്നു. അഭിമാനമാണ് സുരേഷേട്ടൻ എന്നാണ് സന്ദീപ് വാര്യർ കുറിച്ചത്.
74,686 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപി തൃശൂരിൽ വിജയിച്ചത്. വോട്ടെണ്ണലിന്റെ തുടക്കം മുതൽ അവസാന മണിക്കൂർ വരെ കൃത്യമായ ലീഡ് ഉയർത്തിയാണ് മണ്ഡലത്തിൽ അദ്ദേഹം ജയം ഉറപ്പിച്ചത്. 4,12 338 വോട്ടുകളാണ് അദ്ദേഹം നേടിയത്. എൽഡിഎഫ് സ്ഥാനാർത്ഥി വി. എസ് സുനിൽകുമാർ രണ്ടാമതെത്തിയപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ മൂന്നാമതായി.
കേരളത്തിലെ ബിജെപിയുടെ വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും സന്തോഷം പങ്കുവച്ചു. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറന്നെന്നും പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് സുരേഷ് ഗോപിയുടെ വിജയമെന്നും അദ്ദേഹം പറഞ്ഞു.