ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാനായില്ലെന്ന കോൺഗ്രസിന്റെ വിമർശനത്തിന് മറുപടിയുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ബിജെപിക്ക് 241 സീറ്റുകളും കോൺഗ്രസിന് 99 സീറ്റുകളുമാണെന്നും ഇവ തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
142 സീറ്റുകളുടെ വ്യത്യാസം കോൺഗ്രസും ബിജെപിയും തമ്മിലുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി നേടിയ വലിയ വിജയമാണിതെന്നും ഹിമന്ത ബിശ്വ ശർമ്മ കൂട്ടിച്ചേർത്തു. 400 സീറ്റുകളെന്ന എൻഡിഎയുടെയും ബിജെപിയുടെയും മുദ്രാവാക്യം ഉയർത്തി സീറ്റുകൾ കുറഞ്ഞുപോയെന്ന വിമർശനമാണ് പ്രതിപക്ഷം ഉയർത്തുന്നത്. ഈ സാഹചര്യത്തിലായിരുന്നു ഹിമന്ത ബിശ്വ ശർമ്മയുടെ വിശദീകരണം.
നെഹ്‌റുവിന് ശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് തുടർച്ചയായി സർക്കാരുണ്ടാക്കുകയെന്ന ഈ നേട്ടം കൈവരിക്കുന്നതെന്നും ഹിമന്ത ബിശ്വ ശർമ്മ കൂട്ടിച്ചേർത്തു. മൂന്നാമതും സർക്കാരുണ്ടാക്കുകയെന്നത് ഞങ്ങൾക്ക് വലിയ കാര്യമാണെന്നും അതുകൊണ്ടാണ് ഞങ്ങൾ ആഘോഷിക്കുന്നതെന്നും ഹിമന്ത ബിശ്വ ശർമ്മ കൂട്ടിച്ചേർത്തു.
അസമിലെ 14 സീറ്റുകളിൽ11 ഉം എൻഡിഎ ആണ് നേടിയത്. എൻഡിഎയ്‌ക്ക് വോട്ട് ചെയ്ത ജനങ്ങൾക്ക് മുഖ്യമന്ത്രി നന്ദി പറഞ്ഞു. വോട്ട് വിഹിതവും എൻഡിഎ വർദ്ധിപ്പിച്ചിട്ടുണ്ട്. 2019 ലെ തെരഞ്ഞെടുപ്പിൽ 39 ശതമാനമായിരുന്ന വോട്ട് വിഹിതം ഇക്കുറി 46 ശതമാനമായിട്ടാണ് ഉയർന്നത്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത് 44 ശതമാനമായിരുന്നു.