വാഷിംഗ്ടൺ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തുടർച്ചയായ മൂന്നാം വട്ടവും അധികാരത്തിൽ എത്തിയ എൻഡിഎ സഖ്യത്തെ അഭിനന്ദിച്ച് അമേരിക്ക. തെരഞ്ഞെടുപ്പ് വിജയകരമായി പൂർത്തിയാക്കിയെന്നും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ദൃഢമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നതായും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു മില്ലർ പറഞ്ഞു.
” ഇന്ത്യയും അമേരിക്കയും തമ്മിൽ മികച്ച പങ്കാളിത്തത്തോടെയുള്ള ബന്ധം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സർക്കാർ തലത്തിലും ജനങ്ങൾ തമ്മിലും മികച്ച ബന്ധമാണ് ഇരുരാജ്യങ്ങൾക്കും ഇടയിലുള്ളത്. നിലവിലുള്ളത് പോലെ ഈ ബന്ധം മുന്നോട്ട് പോകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും” മാത്യു മില്ലർ വ്യക്തമാക്കി. മോദി 3.0യിൽ ഇന്ത്യ-യുഎസ് ബന്ധം എപ്രകാരമായിരിക്കുമെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
മൂന്നാം തവണയും അധികാരത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും എൻഡിഎ സഖ്യത്തെയും അഭിനന്ദിച്ച് യുഎസ് ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറവും രംഗത്തെത്തിയിരുന്നു. ജനാധിപത്യ ചരിത്രത്തിലെ മറ്റൊരു അദ്ധ്യായം വിജയകരമായി പൂർത്തിയാക്കിയ ഇന്ത്യയിലെ ജനങ്ങളെ അഭിനന്ദിക്കുന്നതായും യുഎസ്ഐഎസ്പിഎഫ് അറിയിച്ചു.
ഏതൊരു ജനാധിപത്യത്തിന്റെയും നട്ടെല്ലും മുഖമുദ്രയും വോട്ടർമാരാണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് ഇന്ത്യൻ ജനാധിപത്യത്തെ അവർ പ്രശംസിച്ചു. ഇന്ത്യയുടെ ജനാധിപത്യം മാതൃകാപരമാണെന്നും അവർ വ്യക്തമാക്കി.
എൻഡിഎ സർക്കാർ മൂന്നാമതും തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ജനങ്ങൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി രംഗത്തെത്തിയിരുന്നു. ‘സബ്‌കാ സാത്ത് സബ്‌കാ വികാസിന്റെയും’ ഇന്ത്യൻ ഭരണഘടനയിലുള്ള ജനങ്ങളുടെ ശക്തമായ വിശ്വാസത്തിന്റെയും വിജയമാണ് ഇതെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.