ചണ്ഡീഗഡ് : പഞ്ചാബിൽ ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി. പഞ്ചാബ് നിയമസഭയിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ ജയിച്ച പാർട്ടിയ്‌ക്ക് ആകെയുള്ള 13ൽ മൂന്ന് സീറ്റിൽ മാത്രമാണ് ഇത്തവണ വിജയിക്കാനായത്. സംഗ്രൂർ, ഹോഷിയാർപൂർ, ആനന്ദ്പൂർ സാഹിബ് എന്നീ മണ്ഡലങ്ങളിലാണ് ഇത്തവണ ആം ആദ്മി ജയിച്ചത് . മറ്റ് അഞ്ചിടങ്ങളിൽ രണ്ടാം സ്ഥാനത്താണ് പാർട്ടി.
പഞ്ചാബിൽ കെജ്‌രിവാൾ ക്യാംപ് ചെയ്ത് പ്രചാരണം നയിച്ചത് അഞ്ചുദിവസമാണ്. 13 മണ്ഡലങ്ങളിൽ കുറഞ്ഞത് മൂന്ന് തവണയെങ്കിലുമെത്തി കെജ്‌രിവാൾ പ്രചാരണം നടത്തിയിരുന്നു .അഞ്ച് ക്യാബിനറ്റ് മന്ത്രിമാരുൾപ്പെടെ ഒമ്പത് സിറ്റിംഗ് എം.എൽ.എമാരെയാണ് പാർട്ടി രംഗത്തിറക്കിയത്. കാബിനറ്റ് മന്ത്രി ഗുർമീത് സിംഗ് മീത് ഹയർ, ചബ്ബേവാൾ എംഎൽഎ രാജ് കുമാർ എന്നിവരൊഴികെ എല്ലാവരും പരാജയപ്പെട്ടു.വോട്ട് വിഹിതം 42% ൽ നിന്ന് ഇത്തവണ 26% ആയി കുറഞ്ഞു.
സംസ്ഥാനത്ത് ഏഴ് സീറ്റുകൾ നേടിയ കോൺഗ്രസിന്റെ വോട്ട് ശതമാനവും ആം ആദ്മിയ്‌ക്ക് തുല്യമാണ് . 2022 ജൂണിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച ശിരോമണി അകാലിദൾ തലവൻ സിമ്രൻജിത് സിംഗ് മാനിൽ നിന്ന് മികച്ച ഭൂരിപക്ഷത്തോടെ, സംഗ്രൂർ സീറ്റ് പിടിച്ചെടുക്കാനും പാർട്ടിക്ക് കഴിഞ്ഞുവെന്നതാണ് ഇക്കുറി പാർട്ടിയ്‌ക്ക് ആശ്വാസം.
എഎപിയുടെ മോശം പ്രകടനത്തിന് കാരണം അടിസ്ഥാനപരമായ സംഘടനാ ഘടനയുടെ അഭാവവും , എംഎൽഎമാർ ജനങ്ങളുമായുള്ള ബന്ധം വിച്ഛേദിച്ചതുമാണെന്നാണ് അമൃത്‌സറിലെ ഗുരു നാനാക് ദേവ് യൂണിവേഴ്‌സിറ്റിയിലെ പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട്‌മെൻ്റ് മുൻ മേധാവി പ്രൊഫസർ ജഗ്രൂപ് സിംഗ് സെഖോണിന്റെ വിലയിരുത്തൽ . മയക്കുമരുന്ന്, അഴിമതി, ക്രമസമാധാനം എന്നിവ കൈകാര്യം ചെയ്യുന്നതിലും വീഴ്‌ച്ച സംഭവിച്ചതായി സെഖോൺ പറഞ്ഞു.















