തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്തുമെന്ന് സിപിഎം. തിരിച്ചടി വിലയിരുത്തുന്നതിന്റെ ഭാഗമായി അഞ്ച് ദിവസത്തെ യോഗം വിളിച്ചതായും സിപിഎം നേതൃത്വം അറിയിച്ചു. എന്തുകൊണ്ട് തിരിച്ചടി ലഭിച്ചുവെന്ന് വിശദമായി പരിശോധിക്കാനും തിരുത്തൽ നടപടികൾ ആവശ്യമുണ്ടെങ്കിൽ സ്വീകരിക്കാനുമാണ് യോഗം ചേരുന്നത്.
അടുത്ത ദിവസം ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പ്രാഥമിക അവലോകന ചർച്ചകൾ നടക്കും. തുടർന്ന് വിശദമായ ചർച്ചകൾ നടത്തുന്നതിനായി അഞ്ച് ദിവസത്തെ സംസ്ഥാന നേതൃയോഗങ്ങളും ചേരുമെന്നും സിപിഎം അറിയിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആലത്തൂർ മണ്ഡലം മാത്രമാണ് എൽഡിഎഫിന് സ്വന്തമാക്കാൻ സാധിച്ചത്. മന്ത്രി കെ. രാധാകൃഷ്ണൻ ആലത്തൂർ മണ്ഡലത്തിൽ വിജയിച്ചതിനാൽ മന്ത്രിസഭാ പുനഃസംഘടന ചർച്ചകളും സിപിഎം പരിഗണിക്കും. എംപിയായി രാധാകൃണൻ സ്ഥാനമേറ്റാൽ നിയമസഭാംഗത്വം രാജി വയ്‌ക്കേണ്ടി വരും. രാധാകൃഷ്ണന് പകരം ആര് എന്ന കാര്യത്തിനും യോഗത്തിൽ തീരുമാനമുണ്ടാകും.