ഒമർ ലുലുവിനെതിരെ പീഡന പരാതി നൽകിയ യുവനടി താനല്ലെന്ന് നടി ഏയ്ഞ്ചലിൻ മരിയ.സിനിമാരംഗത്തുനിന്നുള്ള പലരും തന്നെ ബന്ധപ്പെടുത്തിയാണ് ഈ കേസിനെക്കുറിച്ച് സംസാരിക്കുന്നതെന്നും താരം പറഞ്ഞു. ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.
സംവിധായകന്‍ ഒമർ ലുലുവിനെതിരായ കേസ് കള്ളക്കേസ് ആണെന്നും അദ്ദേഹം നല്ല മനുഷ്യനാണെന്നും ഏയ്ഞ്ചലിൻ പറയുന്നു. ‘ അഞ്ചാറു ദിവസമായി എനിക്ക് നിരന്തരം ഫോൺ കോളുകൾ വന്നുകൊണ്ടിരിക്കുകയാണ്. അതല്ലാതെ ഇൻസ്റ്റഗ്രാമിലും വാട്ട്സാപ്പിലും മെസേജസും വരുന്നുണ്ട്. സിനിമയിലുള്ള പല നിർമാതാക്കൾ, സംവിധായകർ, പ്രൊഡക്‌ഷൻ കണ്‍ട്രോളന്മാർ, തിരക്കഥാകൃത്തുക്കൾ ഇവരൊക്കെ എന്നെ വിളിച്ച് ചോദിക്കുന്ന ചോദ്യമിതാണ്.
‘‘ഒമറിക്കയ്‌ക്കെതിരെ കേസ് കൊടുത്ത യുവനടി ഞാനാണോ?’’ എന്ന്. ഞാൻ തിരിച്ചു ചോദിക്കുന്ന ചോദ്യമിതാണ്, എന്തുകൊണ്ടാണ് എന്നെ പറയാൻ കാരണം. ആ കേസ് കൊടുത്ത യുവനടി ‘നല്ല സമയം’ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ടാണ് അവർ എന്നോട് ഇക്കാര്യം വിളിച്ചു ചോദിക്കുന്നതെന്ന്. മാത്രമല്ല ഒമറിക്കയ്‌ക്ക് ആ നടിയുമായി നല്ല അടുപ്പമുണ്ടെന്നാണ് സംസാരം. ഇതൊക്കെ കൂടി കേൾക്കുമ്പോൾ എന്നെയാണ് എല്ലാവര്‍ക്കും ഓർമ വരികയെന്നാണ് പറയുന്നത്.
സത്യത്തിൽ ഒമറിക്കയ്‌ക്കെതിരെ കേസ് കൊടുത്ത യുവനടി ഞാനല്ല. എനിക്ക് അന്നും ഇന്നും ഒമറിക്കയോട് ഒരുപാട് സ്നേഹവും ബഹുമാനവുമുണ്ട്. ഒരു നല്ല സിനിമാ സംവിധായകൻ എന്നതിലുപരി, നല്ലൊരു സുഹൃത്ത് കൂടിയാണ് ഒമറിക്ക. ഈ ഒരു ചോദ്യം ചോദിച്ച് ഇനി ആരും എന്നെ വിളിക്കുകയോ മെസേജ് ചെയ്യുകയോ ചെയ്യരുത്. വ്യക്തിപരമായി അതെന്നെ ഒരുപാട് ബുദ്ധിമുട്ടിക്കുന്നു .
അദ്ദേഹവുമായി നാല് വർഷത്തെ പരിചയം എനിക്കുണ്ട്. ധമാക്ക സിനിമയുടെ സമയത്താണ് ഇക്കയെ പരിചയപ്പെടുന്നത്. എനിക്ക് വ്യക്തിപരമായി അദ്ദേഹത്തെ നന്നായി അറിയാം. എന്റെ കാഴ്ചപ്പാടിൽ ഒമറിക്ക അങ്ങനൊരു വ്യക്തിയല്ല.
ഒമറിക്ക അങ്ങനൊരാളല്ല. ഒരു നല്ല മനുഷ്യനാണ്. ആളുകൾ പലതും തെറ്റിദ്ധരിച്ചിരിക്കുന്നതാണ്. വല്യേട്ടൻ കുഞ്ഞനുജത്തി ബന്ധമാണ് ഞങ്ങൾക്കിടയിലുള്ളത്. പുള്ളിക്കെതിരെ വന്നിരിക്കുന്ന കേസ് കള്ളക്കേസ് ആണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതിനു പല കാരണങ്ങളുണ്ട്. അത് പുറത്തുപറയാൻ ഇപ്പോൾ പറ്റില്ല. സത്യം എന്നതു പുറത്തുവരും.’’– ഇത്തരത്തിലാൺ ഏയ്ഞ്ചലിന്റെ വാക്കുകൾ.