ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തെലങ്കാനയിൽ ബിആർഎസിന് ലഭിച്ചത് ഇരട്ടിപ്രഹരം. സംസ്ഥാനത്തെ 17 സീറ്റുകളിൽ ഒന്നിൽ പോലും ബിആർഎസിന് വിജയിക്കാൻ സാധിച്ചില്ല. എട്ട് സീറ്റുകളിൽ ബിജെപിയും എട്ട് സീറ്റുകളിൽ കോൺഗ്രസും വിജയിച്ച് കരുത്ത് തെളിയിച്ചപ്പോഴാണ് ബിആർഎസ് പൂജ്യത്തിലേക്ക് കൂപ്പുകുത്തിയത്.
അഞ്ച് മാസം മുമ്പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണ് ബിആർഎസിന് തെലങ്കാനയിൽ അധികാരത്തിൽ നിന്നും പുറത്തുപോകേണ്ടി വന്നത്. തൊട്ടുപിന്നാലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും നേരിട്ട തിരിച്ചടി പാർട്ടിയെ അക്ഷരാർത്ഥത്തിൽ തകർത്തുകളഞ്ഞിരിക്കുകയാണ്.
മദ്യനയ കുംഭകോണകേസിൽ പാർട്ടി നേതാവ് ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ കവിതയുടെ അറസ്റ്റ് ഉൾപ്പെടെയാണ് പാർട്ടിയ്‌ക്ക് തിരിച്ചടിയായത്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആദിലാബാദ്, കരിംനഗർ, നിസാമാബാദ്, സെക്കന്തരാബാദ് എന്നീ നാല് സീറ്റുകളാണ് ബിജെപി നേടിയിരുന്നത്. എന്നാൽ ഇപ്പോൾ സീറ്റുകളുടെ എണ്ണം ഇരട്ടിയാക്കി ബിജെപി കരുത്തറിയിക്കുകയും ചെയ്തു.
നിയമസഭാ തെരഞ്ഞെടുപ്പിൽ 119 മണ്ഡലങ്ങളിൽ 64 എണ്ണത്തിൽ വിജയിച്ചാണ് കോൺഗ്രസ് സംസ്ഥാനത്ത് ഭരണം പിടിച്ചത്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകളിൽ മാത്രമാണ് കോൺഗ്രസിന് വിജയിക്കാനായിരുന്നത്. അവിടെ നിന്നാണ് എട്ട് സീറ്റുകളിലേക്ക് എത്തിയത്. ബിആർഎസിന്റെ ജനകീയത ഇടിയുന്നുവെന്ന് തന്നെയാണ് ഇതിലൂടെ വായിക്കാനാകുക.
ബിജെപി ഇത്തവണ മൽക്കാജ്ഗിരി, ചെവെല്ല, മേദക്, മഹബൂബ് നഗർ എന്നീ മണ്ഡലങ്ങളാണ് അധികമായി നേടിയത്. ബണ്ഡി സഞ്ജയ് ഉൾപ്പെടെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ട നാല് നേതാക്കൾ ലോക്‌സഭയിലേക്ക് മികച്ച വിജയം നേടുകയും ചെയ്തു. കരിംനഗറിൽ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ബണ്ഡി സഞ്ജയ് രണ്ട് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ലോക്‌സഭയിലേക്ക് വിജയിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഹുസുറാബാദിൽ നിന്നും പരാജയപ്പെട്ട എടല രജേന്ദർ 3.91 ലക്ഷം വോട്ടുകൾക്കാണ് മൽക്കാജ്ഗിരിയിൽ നിന്ന് വിജയിച്ചത്. ബിആർഎസിന്റെ സ്വാധീന കേന്ദ്രങ്ങളായ പലയിടങ്ങളിലും ബിജെപിയ്‌ക്ക് വൻ മുന്നേറ്റമുണ്ടായതും ശ്രദ്ധേയമായിരുന്നു. മേദക്കിലെ വിജയം അത്തരത്തിൽ എടുത്തുപറയേണ്ടതാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ ദുബ്ബക്കിൽ നിന്നും പരാജയപ്പെട്ട മുൻ ബിജെപി എംഎൽഎ രഘുനന്ദൻ റാവുവാണ് മേദക്കിൽ നിന്ന് ചരിത്രവിജയം നേടിയത്.