ന്യൂഡൽഹി: യുപിഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പേയ്‌മെൻ്റ് സിസ്റ്റം വികസിപ്പിക്കാൻ പെറുവും ഇന്ത്യയും തമ്മിൽ ധാരണ. പെറു സെൻട്രൽ റിസർവ് ബാങ്കും ഇൻറർനാഷണൽ പേയ്‌മെൻ്റ് ലിമിറ്റഡും (NPCI ) തമ്മിലാണ് കരാറിലായത്. ഇതോടെ യുപിഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ആദ്യ തെക്കേ അമേരിക്കൻ രാജ്യമായി പെറു മാറി.
രാജ്യത്ത് കറൻസിയുടെ വിനിമയം കുറയ്‌ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പെറു ഇത്തരം ആവശ്യവുമായി ഇന്ത്യയെ സമീപിച്ചത്. യുപിഐയുടെ ആഗോളതലത്തിലുള്ള വിശ്വാസ്യത കൂടി പെറുവിയൻ സെൻട്രൽ ബാങ്ക് കണക്കിലെടുത്തു. ഒരു മാസം മുമ്പ് യുപിഐ പേയ്മന്റ് സിസ്റ്റം വികസിപ്പിക്കുന്നതിനായി NPCI ബാങ്ക് ഓഫ് നമീബിയയുമായി കരാറിൽ ഏർപ്പെട്ടിരുന്നു. ഫെബ്രുവരിയിൽ ഇന്ത്യയുടെ യുപിഐ സേവനങ്ങൾ ശ്രീലങ്കയും പുറത്തിറക്കിയിരുന്നു.
അതുപോലെ യുപിഐ ആപ്പുകൾ ഉപയോഗിച്ച് പേയ്‌മെൻ്റ് സാധ്യമാകുന്ന മറ്റൊരു രാജ്യമാണ് മൗറീഷ്യസ്. ഇതിനായി റുപേ കാർഡുകളും യുപിഐ കണക്റ്റിവിറ്റിയും ഇരുരാജ്യങ്ങളും ചേർന്ന് ആരംഭിച്ചിരുന്നു. നിലവിൽ മൗറീഷ്യൻ ബാങ്കുകൾ നേരിട്ട് റുപേ കാർഡുകൾ വിതരണം ചെയ്യുന്നുണ്ട്. ഇതോടെ റുപേ സാങ്കേതികവിദ്യ ഉപയോഗിച്ച് കാർഡുകൾ വിതരണം ചെയ്യുന്ന ഏഷ്യയ്‌ക്ക് പുറത്ത് ആദ്യത്തെ രാജ്യമായി മൗറീഷ്യസ് മാറി. 20 രാജ്യങ്ങളിലേക്ക് UPI എത്തിക്കുന്ന പ്രവർത്തനങ്ങളിലാണ് ആർബിഐയെന്ന് മെയ് 30-ന് പുറത്തിറക്കിയ വാർഷിക റിപ്പോർട്ടും വ്യക്തമാക്കിയിരുന്നു.