ലോകസഭ തിരഞ്ഞെടുപ്പിൽ വോട്ട് ഷെയറിൽ വൻ കുതിപ്പ് നടത്തി തമിഴ്നാട് ബിജെപി ഘടകം. ദ്രാവിഡ പാർട്ടികളുടെ തണൽ ഇല്ലാതെ ഒറ്റക്ക് മത്സരിച്ചാണ് ഈ വമ്പൻ മുന്നേറ്റം നടത്തിയത്. പ്രധാന മണ്ഡലങ്ങളിൽ മുതിർന്ന നേതാക്കളെ നിർത്തി 23 സീറ്റുകളിൽ പാർട്ടി മത്സരിച്ചു. ഇക്കുറി ബിജെപിക്ക് 11.24% വോട്ട് ഷെയർ ആണ് നേടിയത്. തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തുടങ്ങിയതിന് ശേഷം പാർട്ടിക്ക് ലഭിച്ച ഏറ്റവും ഉയർന്ന വോട്ടാണിത്.
ഇതോടെ ബിജെപി തമിഴ്നാട്ടിലെമ്പാടും വേരോട്ടമുളള രണ്ട് വലിയ പാർട്ടികളായ ഡിഎംകെയ്‌ക്കുംഎഐഎഡിഎംകെയ്‌ക്കും ശേഷം മൂന്നാമത്തെ വലിയ കക്ഷിയായി ഉയർന്നു. ഈ രണ്ട് പാർട്ടികൾക്കും യഥാക്രമം 26.57 ശതമാനവും 20.48 ശതമാനവും വോട്ട് വിഹിതം. തമിഴ്നാട്ടിൽ ഡിഎംകെയെ പിൻപറ്റി ഉപജീവനം കഴിക്കുന്നത് ബിജെപിയെക്കാൾ കുറഞ്ഞു, 10.67% വിഹിതമാണ് ലഭിച്ചത്. ഇത്തവണ 11% വോട്ടുകൾ നേടിയത് ബിജെപിയെ 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കാൻ സഹായിക്കും. കോയമ്പത്തൂർ, ചെന്നൈ സൗത്ത്, തേനി തുടങ്ങിയ 12 സീറ്റുകളിൽ എൻ ഡി എ രണ്ടാം സ്ഥാനത്തെത്തി.
പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനായ കെ അണ്ണാമലൈ കോയമ്പത്തൂരിൽ പരാജയപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ വോട്ട് വിഹിതം ഏകദേശം 33% ആയി ഉയർന്നു. ചെന്നൈ സൗത്ത്, തിരുൽവേലി, കന്യാകുമാരി കൂടാതെ ബിജെപി 30 അധികം വോട്ടുകൾ നേടി.
ഇതും വായിക്കുക
പവർ സ്റ്റാറിന് 100 % വിജയം; ആന്ധ്രയുടെ പുതിയ കിംഗ് മേക്കർ പവൻ കല്യാണിനെ അറിയാം……
കോയമ്പത്തൂർ
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയാണ് കോയമ്പത്തൂരിലെ രണ്ടാം സ്ഥാനത്തെത്തിയ സ്ഥാനാർത്ഥി. ദ്രാവിഡ കോട്ടയായി കണക്കാക്കുന്ന ഒരു മണ്ഡലത്തിൽ എഐഎഡിഎംകെയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിവിട്ടത് പ്രാധാന്യമർഹിക്കുന്നു. വ്യാവസായിക കേന്ദ്രമായ കോയമ്പത്തൂരിൽ 4,50,132 വോട്ടുകൾ നേടി അണ്ണാമലൈ മികച്ച പോരാട്ടം നടത്തി. സംസ്ഥാനത്ത് ബിജെപിക്ക് ഏറ്റവും ഉയർന്ന വോട്ടു ലഭിച്ച സീറ്റ് ഇതാണ് .
2019ൽ 3.92 ലക്ഷം വോട്ടുകളാണ് ബിജെപിക്ക് ലഭിച്ചത്. അന്ന് എഐഎഡിഎംകെ എൻഡിഎയുടെ ഭാഗമായിരുന്നു. 2014ൽ ജാർഖണ്ഡ് ഗവർണർ സിപി രാധാകൃഷ്ണൻ സ്ഥാനാർത്ഥിയായപ്പോൾ ബിജെപിക്ക് 3.9 ലക്ഷം വോട്ടുകൾ ലഭിച്ചിരുന്നു.
ചെന്നൈ സൗത്ത്
രണ്ട് തവണ എഐഎഡിഎംകെ എംപിയായിരുന്ന ഡി ജയവർദ്ധനെ ദക്ഷിണ ചെന്നൈയിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി തമിഴിസൈ സൗന്ദരരാജൻ തെക്കൻ ചെന്നൈയിൽ നടത്തിയത് വൻ കുതിപ്പാണ്. തമിഴിസൈ സൗന്ദരരാജൻ 2,90,683 വോട്ടുകൾ നേടിയപ്പോൾ എഐഡിഎംകെയുടെ ജെ ജയവർധൻ 1,72,491 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്തി. ജയവർധൻ 2014ൽ എഐഎഡിഎംകെയ്‌ക്ക് വേണ്ടി ഈ സീറ്റിൽ വിജയിച്ചിരുന്നു. ഡിഎംകെയുടെ തമിഴച്ചി തങ്കപാണ്ഡ്യൻ 5,16,628 വോട്ടുകൾ ചെന്നൈ സൗത്ത് നിലനിർത്തി.
ചെന്നൈ സെൻട്രൽ
ഇവിടെ ബിജെപിയുടെ വിനോജ് 1.69 ലക്ഷം വോട്ടുകൾ നേടി രണ്ടാമതെത്തി. എന്നാൽ തെരഞ്ഞെടുപ്പിൽ ഡിഎംകെയുടെ ദയാനിധി മാരോട് അദ്ദേഹം പരാജയപ്പെട്ടു.ഇവിടെ ഡി എം ഡി കെ ആണ് മൂന്നാമത്.
കന്യാകുമാരി
ബിജെപിയുടെ പൊൻ രാധാകൃഷ്ണൻ ഇത്തവണ 3,66,341 വോട്ടുകളാണ് കന്യാകുമാരിയിൽ നേടിയത്.പൊൻ രാധാകൃഷ്ണൻ രണ്ടാമതെത്തിയ ഇവിടെ എ ഐ എ ഡി എം കെ സ്ഥാനാർത്ഥി നാലാം സ്ഥാനത്താണ്. മൂന്നാം സ്ഥാനത്ത് നാം തമിഴർ കക്ഷിയാണ് ഉള്ളത്.
മധുരൈ
സിപിഎം ജയിച്ച മധുരൈ മണ്ഢലത്തിൽ രണ്ടാം സ്ഥാനത്ത് വന്നത് ബിജെപിയാണ്. ബിജെപിയും എഐഎഡിഎംകെയും സഖ്യമുണ്ടാക്കിയിരുന്നെങ്കിൽ ഇടതുപക്ഷത്ത് നിന്ന് സീറ്റ് പിടിച്ചെടുക്കുമായിരുന്നു.
നീലഗിരി
ടെലികോം മന്ത്രി എ രാജയ്‌ക്കെതിരെ എൽ മുരുകൻ മത്സരിച്ച നീലഗിരിയിലും ബിജെപി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. രാജയുടെ 4.73 ലക്ഷം വോട്ടിനെതിരെ മുരുകൻ 2.32 വോട്ടുകൾ നേടി. എഐഎഡിഎംകെയുടെ ഡി ലോകേഷ് തമിഴ് സെൽവൻ 2.2 ലക്ഷം വോട്ടുകൾ നേടി. ഇവിടെയും എഐഎഡിഎംകെ-ബിജെപി കൂട്ടുകെട്ട് എൻഡിഎയ്‌ക്ക് ഗുണമുണ്ടാക്കുമായിരുന്നു.
തിരുവള്ളൂർ
തിരുവള്ളൂരാണ് ബിജെപി രണ്ടാമതെത്തിയ മറ്റൊരു സീറ്റ്. ഇവിടെ ബിജെപി സ്ഥാനാർത്ഥി പൊൻ ബാലഗണപതി 2.24 ലക്ഷം വോട്ടുകൾ നേടി. കടുത്ത ചതുഷ്കോണ മത്സരം നടന്ന ഈ മണ്ണിൽ ഡി എം ഡി കെ, നാം തമിഴർ എന്നീ കക്ഷികൾ ചേർന്ന് 3 .5 വോട്ട് നേടിയിട്ടുണ്ട്.
തിരുനെൽവേലി
തിരുനെൽവേലിയിൽ ബിജെപിയുടെ നൈനാർ നാഗേന്ദ്രൻ 3.36 ലക്ഷം വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തി. ഇവിടെ ജയിച്ചത് സ്ഥാനാർത്ഥി റോബർട്ട് ബ്രൂസ് ആണ്. എഐഎഡിഎംകെയുടെ ജാൻസി റാണിക്ക് 90,000 വോട്ടുകൾ ലഭിച്ചു . 2019ൽ എഐഎഡിഎംകെയുടെ മനോജ് പാണ്ഡ്യൻ 3.37 ലക്ഷം വോട്ടുകൾ (32%) നേടിയിരുന്നു .
വെല്ലൂർ
വെല്ലൂരിൽ ഡിഎംകെയുടെ ഡിഎം കതിർ ആനന്ദിന്റെ 5.68 ലക്ഷത്തിനെതിരെ 3.52 ലക്ഷം വോട്ടുകൾ നേടി എൻ ഡി എയുടെ എസ്ഐ ഷൺമുഖം രണ്ടാം സ്ഥാനത്തെത്തി. എഐഎഡിഎംകെയുടെ എസ് പശുപതി 1.17 ലക്ഷം വോട്ടുകൾക്ക് മൂന്നാം സ്ഥാനത്തെത്തി. 2019ൽ അന്നത്തെ എഐഎഡിഎംകെ (എൻ ഡി എ)സ്ഥാനാർത്ഥിയായ ഷൺമുഖം 10,000ൽ താഴെ വോട്ടുകൾക്ക് ഇവിടെ തോറ്റിരുന്നു
ഇവരെക്കൂടാതെ, ബിജെപിയുടെ സഖ്യകക്ഷികൾ തേനി (ടിടിവി ദിനകരൻ), ധർമപുരി (സൗമ്യ അൻബുമണി), രാമനാഥപുരം (മുൻ മുഖ്യമന്ത്രി ഒ പനീർശെൽവം സ്വതന്ത്രനായി മത്സരിച്ചു) എന്നിവിടങ്ങളിൽ രണ്ടാം സ്ഥാനത്തെത്തി.
1989 മുതൽ കോയമ്പത്തൂർ, കന്യാകുമാരി എന്നിവയുൾപ്പെടെ തമിഴ്നാട്ടിലെ തങ്ങളുടെ പരമ്പരാഗത ശക്തികേന്ദ്രങ്ങളിൽ നിന്ന് ബി.ജെ.പി സ്ഥാനാർത്ഥികൾ മത്സരിക്കുന്നു, 1998-ൽ എ.ഐ.എ.ഡി.എം.കെയുമായി സഖ്യമുണ്ടാക്കിയാണ് ആദ്യമായി തമിഴകത്ത് വൻ ചലനം സൃഷ്ടിച്ചത്. ആ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി അഞ്ച് സീറ്റുകളിൽ മത്സരിക്കുകയും കോയമ്പത്തൂർ, നീലഗിരി, ട്രിച്ചി എന്നീ മൂന്ന് സീറ്റുകളിലും വിജയിക്കുകയും 6.86 ശതമാനം വോട്ട് നേടുകയും ചെയ്തു. തുടർന്ന്, തിരുച്ചിറപ്പള്ളി നിയോജക മണ്ഡലത്തിൽ നിന്ന് വിജയിച്ച രംഗരാജൻ കുമാരമംഗലത്തിന് മന്ത്രിസഭയിൽ ഇടം നൽകി, അദ്ദേഹത്തിന്റെ തമിഴ്നാട്ടിൽ നിന്നുള്ള പാർട്ടിയുടെ ആദ്യ കേന്ദ്രമന്ത്രി. 1999ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെയുമായി കൈകോർത്ത് ബിജെപി ആറ് മണ്ഡലങ്ങളിൽ മത്സരിക്കുകയും നാലിൽ വിജയിക്കുകയും 7.14 ശതമാനം വോട്ട് നേടുകയും ചെയ്തു.
മൂന്ന് വർഷം മുമ്പ് ബിജെപി സംസ്ഥാന ഘടകത്തിന്റെ കടിഞ്ഞാൺ കെ അണ്ണാമലൈ ഏറ്റെടുത്ത ശേഷം, ദ്രാവിഡ രാഷ്‌ട്രീയത്തിനെതിരെ ആക്രമണാത്മക നിലപാട് സ്വീകരിച്ചു.
ഒരു ഘട്ടത്തിൽ, അദ്ദേഹം എഐഎഡിഎംകെയെ ആശ്രയിക്കാതെ സ്വന്തം സഖ്യം രൂപീകരിക്കുകയാണ് നല്ലതെന്ന ആശയം വെയ്‌ക്കുകയായിരുന്നു.
ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥികൾക്ക് ജയിക്കാനായില്ലെങ്കിലും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇപ്പോൾ ലഭിച്ച വോട്ട് ഷെയർ കൊണ്ടുള്ള ഗുണം അറിയാനാകും എന്നത് ഉറപ്പാണ്. 10 സീറ്റുകളിൽ എഐഎഡിഎംകെയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയത് ബിജെപിയുടെ സുപ്രധാന വിജയമാണ്. കാലക്രമത്തിൽ എഐഎഡിഎംകെയുടെ സ്ഥാനം ബിജെപി ഏറ്റെടുത്തേക്കും.
2023 മാർച്ച് മുതൽ ബിജെപി ലോക്‌സഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയായിരുന്നു, തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറഞ്ഞത് ആറ് തവണയെങ്കിലും സംസ്ഥാനം സന്ദർശിച്ചിരുന്നു. പാർട്ടിയുടെ സ്ഥാനാർത്ഥികൾക്കും സഖ്യകക്ഷികൾക്കുമായി പ്രചാരണത്തിനായി അദ്ദേഹം രണ്ടുതവണ സന്ദർശനം നടത്തി.തമിഴ്നാട്ടിലെ വോട്ടെടുപ്പ് അവസാനിച്ചതിന് ശേഷം, മെയ് 30 മുതൽ 1 വരെ ഇടയിൽ കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകത്തിൽ ധ്യാനിക്കാനായി പ്രധാനമന്ത്രി തമിഴകത്തെത്തി.















