സുരേഷ് ഗോപിയുടെ വിജയത്തിന് പിന്നാലെ നടി നിമിഷ സജയനെ ട്രോളി സോഷ്യൽ മീഡിയ. തൃശൂർ ഒരിക്കലും സുരേഷ് ഗോപി എടുക്കില്ലെന്ന നിമിഷയുടെ പഴയ വീഡിയോയുടെ പേരിലാണ് ട്രോളുകൾ നിറയുന്നത്. പ്രസ്താവനയാണ് ട്രോളുകൾക്ക് കാരണം. ‘നമ്മടെ തൃശൂർ ചോദിച്ചിട്ട് കൊടുത്തിട്ടില്ല, ആ നമ്മളോടാണ് ഇന്ത്യ ചോദിക്കുന്നത്. നമ്മൾ കൊടുക്കുമോ? കൊടുക്കില്ല.’- എന്നായിരുന്നു നിമിഷയുടെ വാക്കുകൾ. സൈബർ സഖാക്കൾ സുരേഷ് ഗോപിക്കും ബിജെപിക്കുമെതിരായ ആയുധമായി നിമിഷയുടെ വാക്കുകൾ ഉപയോഗിക്കുകയും ചെയ്തു.
എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയുടെ വിജയത്തിന് പിന്നാലെ അദ്ദേഹത്തിന്റെ ആരാധകർ നിമിഷയുടെ കമന്റ് ബോക്‌സിൽ പഴയ വീഡിയോയ്‌ക്ക് മറുപടിയുമായി എത്തുകയായിരുന്നു. നേരത്തെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയില്‍ നടന്ന ലോങ് മാർച്ചിൽ നിമിഷ പങ്കെടുത്തിരുന്നു. ആ റാലിയിലാണ് സുരേഷ് ഗോപിയെ പരിഹസിച്ച് സംസാരിച്ചത്. സുരേഷ് ഗോപിയുടെ വിജയത്തിന് പിന്നാലെ നിമിഷയുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ കമന്റുകളുടെ പൂരമാണ്.
വാക്കുകൾ പറയുമ്പോൾ ശ്രദ്ധിക്കണ്ടേ അംബാനെ, തൃശൂർ സുരേഷേട്ടൻ ഇങ്ങെടുത്തു കേട്ടോ , തൃശൂര് തൊട്ടുകളിച്ചാൽ ഇതാകും അവസ്ഥ, തൃശൂര് കൈയ്യീന്ന് പോയി തുടങ്ങിയ കമന്റുകളാണ് അധികവും. പിന്നാലെ, നടി കമന്റ് സെക്ഷനിൽ നിയന്ത്രണം ഏർപ്പെടുത്തി. നിമിഷയെ ആശ്വസിപ്പിക്കുന്ന കമന്റുകളുമുണ്ട്.