തിരുവനന്തപുരം: കോൺഗ്രസ് പാർട്ടിയിലെ ചില നേതാക്കന്മാരുടെ പേര് പറയാൻ പോലും തനിക്ക് ഇഷ്ടമില്ലെന്ന് ബിജെപി നേതാവ് പദ്മജ വേണുഗോപാൽ. അത്രമാത്രം കണ്ണീരോടെയാണ് തന്നെ പാർട്ടിയിൽ നിന്നും ഇറക്കി വിട്ടതെന്നും അവർ പറഞ്ഞു. കോൺഗ്രസുകാരുടെ കള്ളക്കളി അവസാനിപ്പിച്ചില്ലെങ്കിൽ ആളുകൾ തമ്മിലടിച്ച് പിരിയുമെന്നും പത്മജ വ്യക്തമാക്കി. തൃശൂരിലെ മുരളീ മന്ദിരത്തിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പദ്മജ.
മൻമോഹൻ സിംഗ് അധികാരത്തിൽ ഏറുമ്പോൾ 180 പേരാണ് കൂടെ ഉണ്ടായിരുന്നത്. അടുത്ത 5 കൊല്ലവും അതുകഴിഞ്ഞുള്ള 5 കൊല്ലവും ഭരണം നന്നായി കൊണ്ടു പോയി. അതു കഴിഞ്ഞുള്ള ഇലക്ഷന് കോൺഗ്രസിന് 40 സീറ്റുകൾ മാത്രമാണ് ഉണ്ടായിരുന്നത്. ഇന്നിപ്പോൾ ബിജെപിക്ക് 240 സീറ്റുകളാണുള്ളത്. അപ്പോൾ, മോദിയുടെ ഭരണം പ്രശ്നമില്ലാത്തതാണെന്ന് ജനങ്ങൾ അംഗീകരിച്ചിരിക്കുകയാണ്. അതിനാലാണ് മൂന്നാമതും ഭരണത്തിൽ എത്തിയതെന്നുമായിരുന്നു പദ്മജയുടെ വാക്കുകൾ.
നെഹ്റുവിന്റെ കാലം കഴിഞ്ഞതിന് ശേഷം ആദ്യമായിട്ടാണ് ഒരു പ്രധാനമന്ത്രിക്ക് ഇങ്ങനൊരു അവസരം കിട്ടുന്നത്. അഖിലേഷ് യാദവിനെയും സ്റ്റാലിനെയുമൊക്കെ കൂട്ടുപിടിച്ചുള്ളതാണ് ഇപ്പോൾ കോൺഗ്രസ് കളിക്കുന്ന രാഷ്‌ട്രീയം. ഇതെല്ലാം ഞങ്ങൾ ജോഡോ യാത്ര നടന്നതിനാൽ, കിട്ടുന്നതെന്നാണ് കോൺഗ്രസ് പറയുന്നത്. അങ്ങനെയാണെങ്കിൽ 250 സീറ്റിന് മുകളിൽ കോൺഗ്രസിന് കിട്ടണമായിരുന്നു. കോൺഗ്രസിന്റെ കഴിവല്ല, മറ്റുള്ളവരുടെ ഔദാര്യം കൊണ്ടാണ് ഇത്രയും സീറ്റ് കിട്ടിയതെന്നും പദ്മജ വേണുഗോപാൽ കൂട്ടിച്ചേർത്തു.