തൃശൂർ:കളക്ടർ കൃഷ്ണ തേജയിൽ നിന്ന് വിജയപത്രിക സ്വീകരിച്ച് സുരേഷ് ഗോപി. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, ജില്ലാ അദ്ധ്യക്ഷൻ കെ.കെ അനീഷ് കുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു. വിജയപത്രിക ഏറ്റുവാങ്ങിയ സുരേഷ് ഗോപിയെ ഷാൾ അണിയിച്ചാണ് നടൻ ടിനി ടോം സ്വീകരിച്ചത്. കളക്ടറേറ്റിന് മുന്നിൽ സുരേഷ് ഗോപിയ്‌ക്ക് പിന്തുണയുമായി പ്രവർത്തകരും എത്തിയിരുന്നു. ഭാരത് മാതാ കി ജയ് വിളികളോടെയാണ് നിയുക്ത എംപിയെ പ്രവർത്തകർ വരവേറ്റത്.
തൃശൂരിനെ ഹൃദയത്തിൽ വച്ച് പ്രവർത്തിക്കുമെന്നും മണ്ഡലത്തിലെ ജനങ്ങൾ തന്നെ സ്വീകരിച്ച് കഴിഞ്ഞെന്നും വിജയപത്രിക സ്വീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. താൻ പിന്നിലായ ഗുരുവായൂരിലും മുന്നിലെത്താൻ പ്രയത്‌നിക്കും. തൃശൂർ പൂരം സിസ്റ്റമാറ്റിക്ക് ആയി നടത്തുമെന്നും ഇത്തവണ ഉണ്ടായ പ്രശ്‌നം ഒഴിവാക്കാൻ ഇടപെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു വിജയം കൊണ്ട് ഞാൻ തൃശൂരിലെ പോരാട്ടം അവസാനിപ്പിക്കില്ല. പ്രവർത്തകരെ ഏകോപിപ്പിച്ച് ചിട്ടയായി കഴിഞ്ഞ 5 വർഷം നടത്തിയ പ്രവർത്തനം ഇനിയും തുടരുമെന്നാണ് ഇന്നലെ അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഗുരൂവായൂർ ഒഴികെയുള്ള മണ്ഡലങ്ങളിലുണ്ടാക്കിയ മുന്നേറ്റം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിച്ച് വിജയം പിടിച്ചെടുക്കുകയാണ് ബിജെപി ക്യാമ്പിന്റെ ലക്ഷ്യം.















