ഹൈദരാബാദ്: ആറുവയസുകാരനെ ദുരൂഹ സാഹചര്യത്തിൽ മാലിന്യകൂമ്പാരത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി. കുട്ടിയുടെ ശരീരത്തിൽ നായയുടെ കടിയേറ്റ നിരവധി മുറിപ്പാടുകളും ഉണ്ട് . ഹൈദരാബാദിലാണ് സംഭവം.
തെരുവുനായയുടെ കടിയേറ്റാണ് കുട്ടി മരിച്ചതെന്ന് ഇപ്പോൾ ഉറപ്പിക്കാൻ കഴിയില്ലെന്നാണ് പോലീസ് പറയുന്നത്. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചുകഴിഞ്ഞാൽ മാത്രമേ ഇത് വ്യക്തമാകുകയുള്ളുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. മൃതദേഹം ചീർത്ത നിലയിലായതിനാൽ മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്തിനടുത്തുള്ള ജലാശയത്തിൽ വീണാകാം മരണം സംഭവിച്ചതെന്ന സംശയവും നിലനിൽക്കുന്നു.
മൃതദേഹം കണ്ടെത്തിയ പരിസരപ്രദേശത്ത് തന്നെയാണ് കുട്ടി പിതാവിനും മുത്തശ്ശിക്കുമൊപ്പം താമസിച്ചിരുന്നത്. മാത്രമല്ല കുട്ടിക്ക് നായകളുമായി കളിക്കുന്ന ശീലവും ഉണ്ടായിരുന്നതായി വീട്ടുകാർ പറയുന്നു. ചൊവ്വാഴ്‌ച വൈകീട്ടോടെയാണ് ആറുവയസുകാരനെ കാണാതാകുന്നത്. പിറ്റേന്ന് നാട്ടുകാരാണ് കുട്ടിയുടെ മൃതദേഹം മാലിന്യക്കൂമ്പാരത്തിന് സമീപം കണ്ടെത്തിയത്. മുത്തശ്ശിയുടെ പരാതിയിൽ കേസെടുത്ത പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.















