ന്യൂഡൽഹി: പ്രധാനമന്ത്രി പദത്തിൽ നിന്ന് രാജിവച്ചതിന് പിന്നാലെ ഉപരാഷ്ട്രപതിയുമായി കൂടിക്കാഴ്ച്ച നടത്തി നരേന്ദ്ര മോദി. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം ഉപരാഷ്‌ട്രപതിയുമായി നരേന്ദ്ര മോദി നടത്തുന്ന ആദ്യ കൂടിക്കാഴ്‌ച്ചയാണിത്.
മൂന്നാം തവണയും പ്രധാനമന്ത്രി പദത്തിലെത്തുന്ന മോദിക്ക് ആദരസൂചകമായി ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻഖർ മധുരപലഹാരങ്ങളും പൂച്ചെണ്ടും നൽകി.ഉപരാഷ്‌ട്രപതിയുടെ സ്വദേശമായ രാജസ്ഥാനിലെ ജുൻജുനുവിലെ ചിരവയിൽ നിന്നുള്ള മധുരപലഹാരമായ പേടയും മീററ്റിൽ നിന്നുള്ള “ഗുഡ്” പലഹാരവുമാണ് നരേന്ദ്രമോദിക്ക് നൽകിയത്.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും കൗൺസിൽ മന്ത്രിമാരും രാഷ്‌ട്രപതിക്ക് രാജി കൈമാറിയിരുന്നു. രാജി സ്വീകരിച്ച രാഷ്‌ട്രപതി, പുതിയ കേന്ദ്രസർക്കാർ രൂപീകരിക്കുന്നത് വരെ ഓഫീസിൽ തുടരണമെന്ന് നരേന്ദ്രമോദിയോടും കൗൺസിൽ അംഗങ്ങളോടും ആവശ്യപ്പെട്ടു. ജൂൺ 16 വരെയാണ് നിലവിലെ സർക്കാരിന്റെ കാലാവധി.തുടർച്ചയായി മൂന്നാം വട്ടവും ദേശീയ ജനാധിപത്യ സഖ്യം അധികാരത്തിലെത്തുന്നതിന്റെ പശ്ചാത്തലത്തിൽ സത്യപ്രതിജ്ഞാ ചടങ്ങുകൾ ജൂൺ എട്ടിന് നടന്നേക്കുമെന്നാണ് സൂചന. ലോക്സഭാ തെരഞ്ഞടുപ്പിൽ 292 സീറ്റുകൾ നേടിയാണ് എൻഡിഎ സർക്കാരിന്റെ ഹാട്രിക് വിജയം. 241 സീറ്റുകളിലെ വിജയത്തോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി മാറിയിരുന്നു.















