ഫ്രഞ്ച് ഓപ്പണിൽ ഡബിൾസ് വിഭാഗത്തിൽ സെമി ഫൈനലിൽ പ്രവേശിച്ച് രോഹൻ ബൊപ്പണ്ണ-മാത്യു എബ്ഡൻ സഖ്യം. ബെൽജിയൻ ജോഡികളായ സാൻഡർ ഗില്ലെ-ജോറാൻ വിലെഗൻ സഖ്യത്തെ പരാജയപ്പെടുത്തിയാണ് ബൊപ്പണ്ണയും എബ്ഡനും സെമിയിലേക്ക് യോഗ്യത നേടിയത്. ഇറ്റാലിയൻ ജോഡികളായ സിമോൺ ബൊലെല്ലി-ആൻഡ്രിയ വവസോറി സഖ്യമാണ് സെമിയിൽ എതിരാളികൾ.
സ്‌കോർ: 7-6, 5-7, 6-1. ഒരു മണിക്കൂറും നാലു മിനിട്ടും നീണ്ട പോരാട്ടത്തിനൊടുവിലാണ് ബെൽജിയൻ ജോഡിയെ കീഴടക്കിയത്.ആദ്യ സെറ്റ് ബൊപ്പണ്ണ എബ്ഡൻ സഖ്യം വിയർപ്പൊഴുക്കി നേടിയെങ്കിൽ രണ്ടാം സെറ്റ് അനായാസം സ്വന്തമാക്കി ബെൽജിയൻ ജോഡി തിരിച്ചടിക്കുകയായിരുന്നു. എന്നാൽ മൂന്നാം സെറ്റ് ആധികാരികതയോടെ വിജയിച്ചാണ് ഇന്ത്യൻ-ഓസ്ട്രേലിയൻ ജോഡി സെമി ബെർത്ത് ഉറപ്പിച്ചത്.















