ജനീവ: പക്ഷിപ്പനി ബാധിച്ചുള്ള ലോകത്തിലെ ആദ്യ മരണം സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന. മെക്സിക്കൻ പൗരനായ 59-കാരനാണ് H5N2 വകഭേദം ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.
ആഗോളതലത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഇൻഫ്ലുവൻസ A വൈറസ് ബാധ, ആദ്യമായി ലബോറട്ടറിയിൽ സ്ഥിരീകരിച്ച മനുഷ്യനാണ് മരിച്ചതെന്ന് ഡബ്ല്യൂഎച്ച്ഒയുടെ പ്രസ്താവനയിൽ പറയുന്നു. രാജ്യത്ത് ഫാമുകളിലും മറ്റും രോഗം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും മനുഷ്യരിലേക്ക് എങ്ങനെ രോഗബാധ പകർന്നുവെന്നത് അജ്ഞാതമായി തുടരുകയാണെന്നും സംഘടന വ്യക്തമാക്കി.
പക്ഷിപ്പനിയുടെ വ്യത്യസ്ത വകഭേദമായ H5N1 അമേരിക്കയിൽ പടരുന്നതായാണ് പുതിയ റിപ്പോർട്ടുകൾ. കറവപ്പശുക്കളിലാണ് രോഗം പടരുന്നത്. മനുഷ്യനിലും ഈ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇതുവരെയും മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് രോഗം പടർന്നിട്ടില്ലെന്നും കന്നുകാലികളിൽ നിന്നാണ് അണുബാധ പകരുന്നതെന്നും അധികൃതർ അറിയിച്ചു