ന്യൂഡൽഹി: തങ്ങൾ എൻഡിഎയുടെ ഭാഗമായിട്ടാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചതെന്നും, ഇനിയും അങ്ങനെ തന്നെ ആയിരിക്കുമെന്നും ആവർത്തിച്ച് ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു. ഇൻഡി സഖ്യത്തിലേക്ക് ടിഡിപിയെ ഭാഗമാക്കാൻ പ്രതിപക്ഷ നേതാക്കൾ ശ്രമിക്കുന്നുവെന്ന മാദ്ധ്യമ വാർത്തകൾക്കിടെയാണ് ചന്ദ്രബാബു നായിഡുവിന്റെ പ്രതികരണം. സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ വസതിയിൽ ഇന്നലെ ചേർന്ന യോഗത്തിൽ ചന്ദ്രബാബു നായിഡുവും ജെഡിയു അദ്ധ്യക്ഷനും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറും പങ്കെടുത്തിരുന്നു.
എൻഡിഎ വിടുമെന്നത് വെറും അഭ്യൂഹങ്ങൾ മാത്രമാണെന്നും, സഖ്യം ചേർന്നാണ് മത്സരിച്ചതെങ്കിൽ ഭാവിയിലും അത് അങ്ങനെ തന്നെ ആയിരിക്കുമെന്നും ചന്ദ്രബാബു നായിഡു പറയുന്നു. മറിച്ച് ഉയരുന്ന ചോദ്യങ്ങൾ അപ്രസക്തമാണെന്നും ചന്ദ്രബാബു നായിഡു വ്യക്തമാക്കി. ” എൻഡിഎയുടെ ഭാഗമല്ലെങ്കിൽ ഞങ്ങൾ എങ്ങനെ ആ പേരിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കും. ഒരുമിച്ച് തന്നെയാണ് തെരഞ്ഞെടുപ്പിൽ പോരാടിയത്. ഇപ്പോൾ ഇത്തരത്തിൽ ഒരു ചോദ്യം ഉയരുന്നത് പോലും എന്തിനാണെന്ന് മനസിലാകുന്നില്ല”. എൻഡിഎയുടെ ഭാഗമാണോ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം 294 സീറ്റുകളാണ് സ്വന്തമാക്കിയത്. ശനിയാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് മുന്നോടിയായി ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രേഖാമൂലം പിന്തുണ കൈമാറിയിരുന്നു. സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കാൻ നേതാക്കൾ നാളെ രാഷ്‌ട്രപതിയെ കാണാനും തീരുമാനമായിട്ടുണ്ട്. ശിവസേനയുടെ ഏകനാഥ് ഷിൻഡെ, ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമി, ജനസേനയുടെ പവൻ കല്യാൺ, എൽജെപിയുടെ ചിരാഗ് പാസ്വാൻ, എൻസിപിയുടെ പ്രഫുൽ പട്ടേൽ എന്നിവരും ഇന്നലെ നടന്ന യോഗത്തിൽ പങ്കെടുത്തിരുന്നു.















