ഇസ്രോയുമായി കൈകോർത്ത് ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎൽ). ഐഎസ്ആർഒയുടെ ഉൽപാദന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പുത്തൻ സംവിധാനമാണ് എച്ച്എഎൽ അവതരിപ്പിച്ചിരിക്കുന്നത്. എയ്‌റോസ്‌പേസ് ഡിവിഷനിലെ അഡ്വാൻസ്ഡ് പ്രൊപ്പല്ലൻ്റ് ടാങ്ക് ഉൽപ്പാദനവും സിഎൻസി മെഷീനിംഗ് സൗകര്യങ്ങളുടെയും ഉദ്ഘാടനം ഇസ്രോ ചെയർമാൻ എസ്. സോമനാഥ് നിർവഹിച്ചു.
പുതിയ സൗകര്യങ്ങൾ ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ റോക്കറ്റായ ലോഞ്ച് വെഹിക്കിൾ മാർക്ക്-3 (LVM3) യുടെ ലോഞ്ചിനും മറ്റ് വിക്ഷേപണ വാഹനങ്ങളുടെ ഉത്പാദനത്തിനും മുതൽക്കൂട്ടാകും. നിലവിൽ പ്രതിവർഷം രണ്ട് എൽവിഎം-3 റോക്കറ്റുകൾ വിക്ഷേപിക്കാനുള്ള സൗകര്യമാണ് ഇസ്രോയ്‌ക്കുള്ളത്. എന്നാൽ പുതിയ സംവിധാനം ഉപയോഗിച്ച് പ്രതിവർഷം ആറ് റോക്കറ്റ് വരെ വിക്ഷേപിക്കുന്നതിന് ആവശ്യമായ ഘടകങ്ങൾ നിർമിക്കാൻ എച്ച്എഎല്ലിന് സാധിക്കും. ഉത്പാദന വിടവ് നികത്തി കൂടുതൽ വിക്ഷേപണങ്ങൾ നടത്താൻ ഇത് സഹായിക്കും.
എൽവിഎം 3 ലോഞ്ച് വെഹിക്കിളിന്റെ നിർണായക ഘടകങ്ങളായ ഓക്സിഡൈസർ ടാങ്കുകളും പ്രവർത്തനക്ഷമതയേറിയ ഇന്ധനവും ഉത്പാദിപ്പിക്കുന്നതിൽ പ്രൊപ്പല്ലൻ്റ് ടാങ്ക് പ്രൊഡക്ഷൻ ഫെസിലിറ്റി സുപ്രധാന പങ്ക് വഹിക്കും. എൽവിഎം 3 റോക്കറ്റിനായുള്ള പ്രൊപ്പല്ലൻ്റ് ടാങ്ക് ഡോമുകളെ നിയന്ത്രിക്കാൻ കഴിയുന്ന വിപുലമായ കമ്പ്യൂട്ടർ ന്യൂമറിക്കൽ കൺട്രോൾ (CNC) മെഷീനുകൾ സജ്ജമാക്കാൻ സിഎൻസി മെഷീനിംഗ് സാങ്കേതികവിദ്യക്ക് കഴിയും. എൽവിഎം-3 യുടെ നിർമാണത്തിലും വിപുലീകരണത്തിലും വമ്പൻ മാറ്റങ്ങളാണ് പുത്തൻ വിദ്യകൾ സാധ്യമാക്കുന്നത്. ഇത് ഇന്ത്യയുടെ ബഹിരാകാശ ഭാവിയെ തന്നെ മാറ്റി മറിക്കുമെന്നതിൽ സംശയമില്ല.
ഇസ്രോയുടെ ഭാവി ദൗത്യങ്ങളിൽ എച്ച്എഎൽ നിർണായക പങ്ക് വഹിക്കുമെന്നും സാങ്കേതിക വിദ്യകൾ, ഡിസൈൻ വെല്ലുവിളികൾ, എൻഡ്-ടു-എൻഡ് ടാസ്കുകൾ തുടങ്ങിയവയിൽ എച്ച്എഎൽ ആശ്വാസം പകരുമെന്നും എസ് സേമനാഥ് പറഞ്ഞു. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന നെക്സ്റ്റ് ജനറേഷൻ ലോഞ്ച് വെഹിക്കിളുകളുടെ (എൻജിഎൽവി) നിർമാണം വേഗത്തിലാക്കുമെന്ന് എച്ച്എഎൽ സിഎംഡി സി.ബി അനന്തകൃഷ്ണൻ വ്യക്തമാക്കി. ഐഎസ്ആർഒയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ബഹിരാകാശ മേഖലയിൽ കൂടുതൽ നിക്ഷേപം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.