ആന്ധ്രാ പ്രദേശ് രാഷ്‌ട്രീയത്തിൽ എൻ ഡി എ സാരഥിയായി ചന്ദ്രബാബു നായിഡു വീണ്ടും അധികാരത്തിലെത്തിയപ്പോൾ അവിടെ ഒരു കിങ്‌മേക്കർ കൂടി ഉണ്ടായി . അതാണ് പവർ സ്റ്റാർ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന പവൻ കല്യാൺ. തിരഞ്ഞടുപ്പ്പ് ഒരു കാലിയാണെങ്കിൽ ‘മാൻ ഓഫ് ദ മാച്ച്’ പവൻ കല്യാൺ ആണ്. അദ്ദേഹത്തിന്റെ പാർട്ടിക്ക് സ്ട്രൈക്ക് റേറ്റ് 100 % ആണ്. മത്സരിച്ച എല്ലാ സീറ്റുകളിലും അദ്ദേഹത്തിന്റെ പാർട്ടി വിജയിച്ചു.

കൊണിഡേല വെങ്കിട്ട റാവുവിന്റെയും അഞ്ജനാ ദേവിയുടെയും മകനായി 1968 സെപ്റ്റംബർ 2 ന് ആന്ധ്രാപ്രദേശിലെ ബപട്‌ലയിൽ ആണ് കൊനിഡേല പവൻ കല്യാൺ ജനിച്ചത്. മെഗാ സ്റ്റാർ ചിരഞ്ജീവിയുടെയും നിർമ്മാതാവ് നാഗേന്ദ്ര ബാബുവിന്റെയും ഇളയ സഹോദരനാണ് അദ്ദേഹം.
ഇതും വായിക്കുക
നെല്ലൂരിൽ എസ്എസ്‌സി പാസായ ശേഷം കോളേജ് പഠനം ഉപേക്ഷിച്ച് തന്റെ പ്രിയപ്പെട്ട ആയോധനകലയിൽ ചേർന്നു. കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് നേടിയ ശേഷം പവൻ, ചിരഞ്ജീവിയുടെ പാത പിന്തുടർന്ന് വെള്ളിത്തിരയിലെത്തി.1996-ൽ അക്കട അമ്മായി ഇക്കട അബ്ബായി എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നു വന്നത് . ഇന്നുവരെ നിരവധി ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചു. രാഷ്‌ട്രീയത്തിൽ പ്രവേശിച്ചതിന് ശേഷവും സിനിമകളിൽ അഭിനയിക്കുന്നു. “അഭിനയം എന്റെ തൊഴിലാണ്, രാഷ്‌ട്രീയം എന്റെ അഭിനിവേശമാണ്,” എന്നാണ് അദ്ദേഹം പല അവസരങ്ങളിലും പറഞ്ഞത്.

രാഷ്‌ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് ഒരു നടനായിരിക്കുമ്പോൾ തന്നെ, സമൂഹത്തെ സേവിക്കുക എന്നതാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് പറഞ്ഞ പവൻ 2007 ൽ “കോമൺ മാൻ പ്രൊട്ടക്ഷൻ ഫോഴ്‌സ്” എന്ന പേരിൽ ഒരു എൻ ജി ഓ ആരംഭിച്ച് സാമൂഹിക സേവന പ്രവർത്തനങ്ങൾ ഏറ്റെടുത്തു. 2008-ൽ സഹോദരൻ ചിരഞ്ജീവി പ്രജാ രാജ്യം പാർട്ടി ആരംഭിച്ചതോടെ അദ്ദേഹം രാഷ്‌ട്രീയത്തിലെത്തി. ആ പാർട്ടിയുടെ യുവജന വിഭാഗമായ യുവരാജ്യത്തിന്റെ പ്രസിഡൻ്റായി. എന്നാൽ പ്രജാരാജ്യം അധികകാലം പ്രജകളെ സേവിച്ചില്ല. ചിരഞ്ജീവി പിആർപിയെ കോൺഗ്രസിൽ ലയിപ്പിക്കുകയും കേന്ദ്രമന്ത്രിയാവുകയും ചെയ്തതോടെ പാർട്ടി കാലഗതിയടഞ്ഞു.എന്നാൽ തദവസരത്തിൽ പവൻ കല്യാൺ കോൺഗ്രസിൽ ചേർന്നില്ല.

2014-ൽ, അഴിമതിയിൽ മുങ്ങിയ രണ്ടാം യു പി എ സർക്കാരിന്റെ ദുര്ഭരണത്തിൽ മടുത്ത് ‘ കോൺഗ്രസ് ഹഠാവോ, ദേശ് ബച്ചാവോ’ എന്ന മുദ്രാവാക്യത്തോടെ, പവൻ തന്റെ സ്വന്തം രാഷ്‌ട്രീയ സംഘടന രൂപീകരിച്ചു. അതാണ് ഇന്നത്തെ “ജന സേന പാർട്ടി”. 2014-ൽ അദ്ദേഹവും പാർട്ടിയും ടിഡിപിയുമായും ബിജെപിയുമായും സഖ്യമുണ്ടാക്കുകയും ഈ കൂട്ടുകെട്ട് തിരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്തു. പക്ഷെ ജനസേന തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല. അദ്ദേഹം സർക്കാരിൽ ചേർന്നില്ലെങ്കിലും പൊതുപ്രശ്നങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തി. 1990-കളിൽ ആന്ധ്രാപ്രദേശിലെ ഉദ്ദാനം എന്ന പ്രദേശത്ത് പടർന്ന് പിടിച്ച വൃക്കരോഗത്തിന്റെ ഇരകൾക്ക് അദ്ദേഹം ആശ്വാസം നൽകി. ഡ്രെഡ്ജിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (ഡിസിഐ) സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തെ അദ്ദേഹം എതിർത്തു. റായലസീമയിലെ വരൾച്ചബാധിത പ്രദേശങ്ങളിൽആത്മഹത്യ ചെയ്ത കർഷകരുടെ കുടുംബങ്ങൾക്ക് സഹായം നൽകി. ലാൻഡ് പൂളിംഗ് സംബന്ധിച്ച അന്നത്തെ ടിഡിപി സർക്കാരിന്റെ തീരുമാനത്തെ അദ്ദേഹം എതിർത്തു.

2019-ലെ തിരഞ്ഞെടുപ്പിൽ ജനസേന, സിപിഐ, സിപിഎം, ബിഎസ്പി എന്നിവരുമായി സഖ്യമുണ്ടാക്കിയെങ്കിലും തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. പശ്ചിമ ഗോദാവരി ജില്ലയിലെ ഭീമാവരം, വിശാഖപട്ടണത്തിലെ ഗജുവാക്ക എന്നിവിടങ്ങളിൽ നിന്നാണ് അദ്ദേഹം നിയമസഭയിലേക്ക് മത്സരിച്ചത്. രണ്ടു സീറ്റുകളിലും തോറ്റു
പിന്നാലെ വന്ന ജഗൻ ഗവൺമെൻ്റിന്റെ മൂന്ന് മൂലധന പദ്ധതികളെ ആദ്യം എതിർത്തവരിൽ ഒരാളാണ് അദ്ദേഹം. പല അവസരങ്ങളിലും, ജനസേന പാർട്ടി കേഡർമാർക്കെതിരെ ജഗൻ മോഹന്റെ അണികൾ കടുത്ത അക്രമമാണ് അഴിച്ചു വിട്ടത്. സർക്കാർ സ്കൂളുകളിൽ തെലുങ്ക് മീഡിയം നീക്കം ചെയ്യാനുള്ള YSRC ഗവൺമെൻ്റിന്റെ പദ്ധതികളെ ജനസേന പല്ലും നഖവും ഉപയോഗിച്ച് എതിർത്തു. 2022 ഒക്‌ടോബർ 16ന് വിശാഖപട്ടണത്ത് ജന വാണി പരിപാടി നടത്താനെത്തിയപ്പോൾ അദ്ദേഹത്തെ പോലീസ് ഒരു ഹോട്ടലിൽ തടഞ്ഞുവച്ചു. ഒടുവിൽ അദ്ദേഹം വിജയവാഡയിലേക്ക് മടങ്ങി. വൈഎസ്ആർസി സർക്കാരിന്റെ ഏകാധിപത്യത്തെ ശക്തമായി എതിർക്കുന്ന പവൻ കല്യാണിന് അന്ന് ടിഡിപി അധ്യക്ഷൻ എൻ ചന്ദ്രബാബു നായിഡു പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇപ്പട്ടത്ത് നടന്ന പാർട്ടി രൂപീകരണ ദിനാചരണത്തിൽ, വൈഎസ്ആർസി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാനുള്ള തന്റെ നിലപാട് അദ്ദേഹം ആവർത്തിച്ചു, അന്നുമുതൽ ത്രികക്ഷി സഖ്യം തുന്നിക്കെട്ടാനുള്ള ശ്രമങ്ങൾ ആരംഭിച്ചു എന്ന് പറയണം. 2023 ജൂൺ 14 ന് അന്നവാരത്ത് നിന്ന് ആരംഭിച്ച വാരാഹി യാത്ര ജനസേനയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അടിത്തറ പാകി.
പവൻ കല്യാണിന്റെ വരാഹി യാത്ര ആരംഭിച്ച ദിവസത്തെ ചിത്രം
വൈഎസ്ആർസി വിരുദ്ധ വോട്ടുകൾ ഭിന്നച്ചതുകൊണ്ട് മാത്രമാണ് 2019-ൽ, പല നിയമസഭാ/ ലോകസഭാ മണ്ഡലങ്ങളിലും ജഗന് രക്ഷനേടാനായത്. അന്ന് നടന്ന ബഹുകോണ മത്സരം ആത്യന്തികമായി വോട്ടിൽ ഭിന്നിപ്പുണ്ടാക്കി, പവൻ കല്യാണിന്റെ പാർട്ടിയുടെ സമ്പൂർണ്ണ പരാജയത്തിൽ കലാശിച്ചു.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കല്യാണിന്റെ ജെഎസ്പി സംസ്ഥാനത്തെ 25ൽ 16 ലോകസഭാ സീറ്റുകളിലും മത്സരിച്ചു. ഇതിൽ, അഞ്ച് സീറ്റുകളിൽ – കാക്കിനാഡ , രാജമുണ്ട്രി , അമലപുരം , നരസാപുരം , വിശാഖപട്ടണം – പാർട്ടി മൂന്നാമതായി, ടിഡിപി രണ്ടാം സ്ഥാനത്തെത്തി, ജഗൻ വിരുദ്ധ വോട്ടുകൾ ഇനി ഭിന്നിക്കാതിരിക്കാൻ പവൻ തന്ത്രപരമായ നീക്കങ്ങൾ നടത്തി. ഒന്നാമതായി, ബിജെപിയുമായി സഖ്യമുണ്ടാക്കി.

നൈപുണ്യ വികസന കുംഭകോണത്തിൽ 50 ദിവസത്തോളം നായിഡു ജയിലിലായിരുന്നു. രാജാമഹേന്ദ്രാവാരത്തെ ജയിലിൽ കഴിഞ്ഞിരുന്ന ടിഡിപിയുടെ തലവൻ എൻ ചന്ദ്രബാബു നായിഡുവിനെ രണ്ടു തവണ പവൻ സന്ദർശിച്ചു. തിരഞ്ഞെടുപ്പിന് മുന്നോടിയായി, രാജമുണ്ട്രി ജയിലിൽ വച്ച് നായിഡുവിനെ കണ്ടതിന് ശേഷം, ടിഡിപിയുമായുള്ള സഖ്യം പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം മാധ്യമ ശ്രദ്ധ നേടി. അന്നുമുതൽ ബിജെപിയെയും ടിഡിപിയെയും ഒരുമിച്ച് കൊണ്ടുവരാൻ അദ്ദേഹം കഠിനമായി ശ്രമിച്ചു. തന്റെ പാർട്ടിക്ക് മത്സരിക്കാവുന്ന സീറ്റുകളുടെ എണ്ണം പരിമിതപ്പെടുത്തി പോലും ത്യാഗങ്ങൾ ചെയ്തു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
‘ഹലോ എപി ബൈ ബൈ വൈസിപി’ എന്ന മുദ്രാവാക്യത്തെ തെലുങ്ക് നാട്ടിൽ മുക്കിലും മൂലയിലും എത്തിച്ചു. ഫലമായി തന്റെ പാർട്ടി മത്സരിച്ച 21 നിയമസഭാ സീറ്റിൽ 21 സീറ്റുകളും രണ്ടിൽ രണ്ട് ലോക്സഭാ സീറ്റുകളും തൂത്തുവാരി.

പവൻ കല്യാൺ മത്സരിച്ചത് പിതപുരത്താണ്. ഈ മണ്ഡലം കാക്കിനഡ ലോകസഭാ സീറ്റിന്റെ ഭാഗമാണ്. പവാർ സ്റ്റാറിന്റെ തേരോട്ടത്തിനു തടയിടാൻ വേണ്ടി ജഗൻ ക്യാമ്പ് അവിടെ രംഗത്തിറക്കിയത് കാക്കിനഡ സിറ്റിംഗ് എംപി വംഗ ഗീതയെയാണ്. പവൻ കല്യാണിന്റെ സഹോദരൻ ചിരഞ്ജീവിയുടെ നേതൃത്വത്തിൽ മുൻപ് രൂപീകരിക്കപ്പെട്ട പ്രജാരാജ്യം പാർട്ടിയുടെ ടിക്കെറ്റിൽ അവിഭക്ത ആന്ധ്ര നിയമസഭയിലേക്ക് പിതപുരത്തു നിന്ന് മത്സരിച്ച് ജയിച്ചവരാണ് ഇവർ. അതിനു ശേഷം പ്രജാരാജ്യം പാർട്ടി കോൺഗ്രസിൽ ചേർന്നപ്പോൾ വംഗ ഗീതയും കോൺഗ്രെസ്സിലെത്തി. അവിടെ നിന്നും ജഗൻ ക്യാമ്പിലും എത്തി. അങ്ങിനെ പിതപുരത്തോട് സുദൃഢമായ ബന്ധമുള്ള ഒരു സ്ഥാനാർത്ഥിയെ വെച്ചാണ് ജഗൻ, പവൻ കല്യാണിന് ചെക്ക് വെച്ചത്. അന്നുമുതൽ കാക്കിനാഡ സിറ്റിംഗ് എംപി വോട്ടർമാരുടെ ഹൃദയം കീഴടക്കാൻ വിശ്രമമില്ലാതെ പ്രചാരണം നടത്തി. എന്നാൽ ആകെ പോൾ ചെയ്‌തതിന്റെ ഏതാണ്ട് 65 % വോട്ടുകൾ നേടി പവർ സ്റ്റാർ ജയിച്ചു. മാത്രമോ കാക്കിനഡ ലോകസഭാ സീറ്റിൽ ഏതാണ്ട് രണ്ടരലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിനു ജനസേന പാർട്ടി സ്ഥാനാർഥി ഉദയ് ശ്രീനിവാസ് ജയിച്ചു.
21/21 അസംബ്ലിയിലും 2/2 ലോക്‌സഭാ സീറ്റുകളിലും 100% സ്‌ട്രൈക്ക് റേറ്റിലുള്ള സ്വപ്നതുല്യമായ വിജയമാണ് ജന സേന നേടിയത്. അതെന്തായാലും പവൻ കല്യാണിന്റെ ആത്മാർത്ഥത നിറഞ്ഞ നിരന്തര ശ്രമങ്ങൾക്ക് തെലുങ്ക് ജനത നൽകിയ പ്രതിഫലമാണ് എന്ന് തന്നെ കരുതണം. പ്രതിബദ്ധതയുടെ പ്രതീകമായി തെലുങ്ക് രാഷ്‌ട്രീയത്തിലെ പുതിയ താരമായി മാദ്ധ്യമ ശ്രദ്ധ നേടുകയാണ് പവൻ കല്യാൺ.















