കണ്ണൂര്‍: കണ്ണൂരിലെ ഇടതു കോട്ടകളിൽ പോലും ബിജെപി ശക്തമായ സാന്നിദ്ധ്യം ഉറപ്പിച്ചെന്ന് തുറന്ന് സമ്മതിച്ച് സിപിഎം ജില്ലാ സെക്രട്ടറിയും എല്‍ഡിഎഫ്. സ്ഥാനാര്‍ഥിയുമായ എം.വി. ജയരാജന്‍. കണ്ണൂരിലെ ഇടത് കേന്ദ്രങ്ങളിൽ ബിജെപിയ്‌ക്ക് വോട്ട് വർദ്ധിച്ചു. ഇതൊരു പ്രത്യേക പ്രതിഭാസമാണെന്നും സിപിഎമ്മിന്റെ വോട്ട് ബിജെപിയിലേക്ക് പോയത് ആഴത്തിൽ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ ബൂത്തിൽ ഉൾപ്പെടെ ബിജെപിയ്‌ക്ക് വോട്ട് വര്‍ദ്ധിച്ചത് വലിയ ചര്‍ച്ചയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ബൂത്തിൽ ബിജെപിക്ക് വോട്ട് ഇരട്ടിയായി. 2019ൽ ബിജെപിക്ക് കിട്ടിയ 53 വോട്ട് ഇത്തവണ 115 വോട്ടായി ഉയർന്നു. ബൂത്തിൽ എൽഡിഎഫ് ലീഡ് കുറയുകയുകയും ചെയ്തു. 2019ൽ എൽഡിഎഫിന് 517 വോട്ട് ലഭിച്ചത് ഇത്തവണ 407 വോട്ടുകളായി കുറയുകയായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ മണ്ഡലമായ തളിപ്പറമ്പിലും കെ.കെ.ശൈലജയുടെ മണ്ഡലമായ മട്ടന്നൂരിലും ബിജെപി വോട്ട് വിഹിതം ഉയർത്തി.
പാർട്ടിയുടെ പരമ്പരാഗത കോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന പല പ്രദേശങ്ങളിലും കാലിടറിയത് സംസ്ഥാന നേതൃത്വത്തെയും ആശങ്കയിൽ ആഴ്‌ത്തിയിട്ടുണ്ട്. സമീപ ജില്ലയായ കാസർക്കോടും സമാന സ്ഥിതിയാണ്. പാർട്ടി പ്രവർത്തകർക്കിടയിലെ വാട്സ്അപ്പ് ഗ്രൂപ്പുകളിൽ പോലും നേതൃത്വത്തിനെതിരെ വിമർശനം രൂക്ഷമാണ്.