ഇടുക്കി: പരിസ്ഥിതി ദിനത്തിൽ പഞ്ചായത്തുകൾ നടുന്ന എത്ര വൃക്ഷത്തെകൾ ബാക്കിയാകുന്നുണ്ടെന്ന ചോദ്യവുമായി നടൻ മോഹൻലാൽ. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷത്തിലാണ് നടൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ‘ ‘പരിസ്ഥിതി ദിനത്തിൽ മരം നടും. നടുന്ന മരം ഉണ്ടോ എന്ന് ഉറപ്പുവരുത്താൻ പല പഞ്ചായത്തുകളും ശ്രമിക്കുന്നില്ല. നിങ്ങൾ അങ്ങനെയാകരുത്. നടുന്നതെല്ലാം ജീവനോടെയുണ്ടെന്ന് ഉറപ്പുവരുത്തണം’- മോഹൻലാൽ പറഞ്ഞു.
ഒരു മാസക്കാലമായി ബ്ലോക്ക് പഞ്ചായത്തിന്റെ കോൺഫറൻസ് ഹാളിൽ മോഹൻലാൽ നായകനായ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നുണ്ട്. ഈ അവസരത്തിലാണ് അധികൃതരുടെ അഭ്യർത്ഥനപ്രകാരം നടൻ ചടങ്ങിൽ പങ്കെടുത്തത്.
പരിസ്ഥിതി ദിനത്തിൽ നട്ടുപിടിപ്പിക്കുന്ന 10 ശതമാനം തൈകളെങ്കിലും ബാക്കിയായെങ്കിൽ കേരളം കാടായേനെ എന്ന് പറയാറുണ്ട്. കാരണം ഓരോ വർഷവും കോടികൾ ചെലവഴിച്ച് ലക്ഷകണക്കിന് തൈകളാണ് സംസ്ഥാന സർക്കാർ മുൻകൈ എടുത്ത് വിതരണം ചെയ്യുന്നത്. എന്നാൽ ഇതിന്റെ തുടർ പരിപാലനം ഉറപ്പുവരുത്താനുള്ള യാതൊരു നടപടിയും സർക്കാരുകളോ സംഘടനകളോ സ്വീകരിക്കാറുമില്ല.
2022ൽ പരിസ്ഥിതി ദിനത്തിൽ സംസ്ഥാന സർക്കാർ തുടക്കമിട്ട വൃക്ഷ സമൃദ്ധി പദ്ധതിയിലൂടെ 43 ലക്ഷം തൈകൾ നട്ടുപിടിപ്പിക്കുമെന്നാണ് പ്രഖ്യാപിച്ചത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം 217 കോടി ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. പഞ്ചാത്തുകൾ വഴിയായിരുന്നു പദ്ധതിയുടെ നടത്തിപ്പ്. തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് വഴിയോരത്തായിരുന്നു തൈകൾ നട്ടത്. എന്നാൽ ഇത് പ്രകാരം നട്ടുപിടിച്ച തൈകൾ പരിപാലിക്കുന്നതിൽ കാട്ടിയ ഗുരുതരമായ അലംഭാവം കാരണം ഇവ നശിക്കുകയായിരുന്നു.