പാലക്കാട്: അട്ടപ്പാടി വനത്തിനുള്ളിൽ കഞ്ചാവ് കൃഷി. അട്ടപ്പാടി പാടവയലിന് സമീപത്തെ വനത്തിള്ളിലാണ് കഞ്ചാവ് തോട്ടം കണ്ടെത്തിയത്. അഗളി എക്‌സൈസ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കൃഷി കണ്ടെത്തിയത്.
രണ്ടാഴ്ച മുതൽ ആറ് മാസം വരെ പ്രായമുള്ള ചെടികളായിരുന്നു. 34 തടങ്ങളിലായി 436 ചെടികളുണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അഗളി റെയ്ഞ്ച് എക്‌സൈസ് ഓഫീസർമാരുടെയും വനംവകുപ്പിന്റെയും സംയുക്ത പരിശോധനയിലാണ് ഇത് കണ്ടെത്തിയത്.
തോട്ടത്തിൽ നിന്ന് പരിശോധനകൾക്കായി സാമ്പിളുകൾ ശേഖരിച്ച ശേഷം കഞ്ചാവ് ചെടികൾ നശിപ്പിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഏകദേശം 8 ലക്ഷം രൂപയുടെ വിപണി മൂല്യമുള്ള ചെടികളായിരുന്നുവൈന്നും കഞ്ചാവ് കൃഷി നടത്തിയവർക്കായുള്ള അന്വേഷണം ആരംഭിച്ചതായും എക്‌സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.















