കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവായിരുന്ന ഷെയ്ഖ് ഷാജഹാന്റെ പക്കൽ നിന്ന് ഭൂവിനിമയവുമായി ബന്ധപ്പെട്ട നിർണായക രേഖകൾ കണ്ടെത്തിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സന്ദേശ്ഖാലിയിലെ ജനങ്ങളിൽ നിന്ന് ഭൂമി സ്വന്തമാക്കിയതുമായുള്ള രേഖകളാണ് ഇഡി കണ്ടെത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
പാവപ്പെട്ട ജനങ്ങളുടെ കൈവശമുള്ള ഭൂമി പല വിധത്തിലാണ് ഷെയ്ഖ് ഷാജഹാൻ തട്ടിയെടുത്തതെന്ന് ഇഡി കണ്ടെത്തിയിരുന്നു. ജനങ്ങളെ ഭീഷണിപ്പെടുത്തി നിർബന്ധിച്ചാണ് രേഖകളിൽ ഒപ്പിടുവിപ്പിച്ചതെന്നായിരുന്നു ഷെയ്ഖ് ഷാജഹാനെതിരെ നാട്ടുകാർ നൽകിയ പരാതി.
ഇത്തരത്തിൽ ഭൂമി കൈമാറ്റം ചെയ്യുന്നതിനും വില കൂട്ടി മറിച്ചുവിൽക്കുന്നതിനും തയ്യാറാക്കിയിരുന്ന പവർ ഓഫ് അറ്റോർണിയാണ് ഇഡി കണ്ടെടുത്തിരുന്നത്. ഭൂമി വിൽക്കുന്നതിനായി, കൃഷിയോഗ്യമായ സ്ഥലങ്ങളിൽ ഷെയ്ഖ് ഷാജഹാന്റെ ഗുണ്ടകൾ ഉപ്പുവെള്ളം ഒഴിച്ച് നശിപ്പിച്ചിരുന്നു. ജനങ്ങളിൽ നിന്ന് തുച്ഛമായ വിലയ്‌ക്ക് ഭൂമി സ്വന്തമാക്കിയ ശേഷം വൻ വിലയ്‌ക്കാണ് വിറ്റതെന്നും ഇഡി കണ്ടെത്തിയിരുന്നു.
അനധികൃത ഭൂമി കയ്യേറ്റത്തിലൂടെ 261 കോടി രൂപയോളം ഷാജഹാൻ തട്ടിയെടുത്തിയിരുന്നു. 59.5 കോടി രൂപയുടെ വസ്തുവകകൾ ഇത് വരെ കേന്ദ്ര ഏജൻസികൾ കണ്ടുകെട്ടിയിട്ടുണ്ട്. ഇതിനുപുറമെ ഷെയ്ഖ് ഷാജഹാന്റെ പക്കലുള്ള 27 കോടി രൂപയുടെ അനധികൃത സ്വത്തുക്കളും ഇഡി കണ്ടുകെട്ടി.















