ബെംഗളൂരു: കർണാടകയിൽ വനവാസി വിഭാഗങ്ങൾക്കുള്ള ഫണ്ടിൽ തിരിമറി നടത്തിയ സംഭവത്തിൽ വിവാദം രൂക്ഷമായതോടെ ചുമതലയിൽ നിന്നൊഴിഞ്ഞ് പട്ടികജാതി ക്ഷേമവകുപ്പ് മന്ത്രി ബി. നാഗേന്ദ്ര. ശിവമോഗയിൽ ജീവനൊടുക്കിയ സർക്കാർ ഉദ്യോഗസ്ഥന്റെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നതാണ് രാജി വയ്‌ക്കാൻ മന്ത്രി നിർബന്ധിതനായത്.
കർണാടക മഹർഷി വാത്മീകി ഷെഡ്യൂൾഡ് ട്രൈബ്സ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിലെ അക്കൗണ്ട് സൂപ്രണ്ടായിരുന്ന പി. ചന്ദ്രശേഖറായിരുന്നു ജീവനൊടുക്കിയത്. മെയ് 26നായിരുന്നു സംഭവം. സംസ്ഥാന സർക്കാർ നടത്തുന്ന സ്ഥാപനത്തിന്റെ അക്കൗണ്ടിൽ നിന്നും 187 കോടി രൂപ അനധികൃതമായി തിരിമറി നടത്തിയെന്നും അതിലെ 88 കോടി രൂപ പല പ്രമുഖ ഐടി കമ്പനികളിലെ അക്കൗണ്ടുകളിലേക്കും മാറ്റിയെന്നുമായിരുന്നു ആത്മഹത്യാക്കുറിപ്പിൽ വെളിപ്പെടുത്തിയത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സഹകരണ ബാങ്കിലേക്കും ഫണ്ട് തിരിമറി ചെയ്തിട്ടുണ്ടെന്ന് കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു. നാഗേന്ദ്രയുടെ വകുപ്പ് നേരിട്ട് നിയന്ത്രിക്കുന്ന പട്ടികജാതി വികസന കോർപ്പറേഷന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നാണ് തട്ടിപ്പ് നടന്നത്. കൂടാതെ ഉന്നത ഉദ്യോഗസ്ഥരുടെയും ബന്ധപ്പെട്ട വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയുടെയും പേര് ആത്മഹത്യാക്കുറിപ്പിൽ ചന്ദ്രശേഖർ പരാമർശിച്ചിരുന്നു.
വ്യക്തിപരമായ നേട്ടത്തിനായി ഫണ്ട് തിരിമറി നടത്തുന്നതിന് തന്നെ കരുവാക്കിയെന്നും ഇതിന്റെ പേരിൽ ഏറെ പീഡനങ്ങൾ ഏറ്റുവാങ്ങിയെന്നും ചന്ദ്രശേഖർ വെളിപ്പെടുത്തി. ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നതോടെ അഴിമതി ആരോപണം ശക്തമാവുകയും രാജി വയ്‌ക്കാൻ നിർബന്ധിതനാവുകയുമായിരുന്നു മന്ത്രി. പട്ടികജാതി ക്ഷേമവകുപ്പ് മന്ത്രിക്ക് നേരായ അഴിമതി ആരോപണം സർക്കാരിനെ പ്രതിന്ധിയിലാക്കിയിരിക്കുകയാണ്. കോൺഗ്രസിന്റെ വിശ്വാസ്യത വീണ്ടും നഷ്ടപ്പെട്ടതോടെ പൊതുജനങ്ങൾക്കിടയിൽ വിമർശനവും ശക്തമാണ്.















