ബെംഗളൂരു: ബിജെപി കർണാടക ജനറൽ സെക്രട്ടറി കേശവ് പ്രസാദ് നൽകിയ മാനനഷ്ടക്കേസിൽ ജൂൺ 7ന് രാഹുൽ ബെംഗളൂരു കോടതിയിൽ ഹാജരാകും. 2023ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പത്രങ്ങളിൽ വന്ന കോൺഗ്രസിന്റെ പരസ്യങ്ങൾക്കും വാർത്തകൾക്കുമെതിരെ കേശവ് പ്രസാദ് നൽകിയ പരാതിയെ തുടർന്നാണ് നടപടി.
കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷൻ ഡികെ ശിവകുമാർ എന്നിവർക്കെതിരെയും ബിജെപി നേതാവ് പരാതി നൽകിയിരുന്നു. എന്നാൽ ഇവർ അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റിന് മുമ്പാകെ നേരിട്ട് ഹാജരായി കേസിൽ ജാമ്യം നേടിയിരുന്നു.
2023ലെ തെരഞ്ഞടുപ്പിന് മുന്നോടിയായി കർണാടക മുഖ്യമന്ത്രിയായിരുന്ന ബസവരാജ് ബൊമ്മൈ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളെ അപമാനിക്കുന്ന വിധത്തിലുള്ള വാർത്തകളാണ് പത്രങ്ങളിൽ പ്രചരിപ്പിച്ചിരുന്നത്. സർക്കാർ പദ്ധതികൾക്ക് 40 ശതമാനം കമ്മീഷൻ ബിജെപി വാങ്ങുന്നുണ്ടെന്ന രാഹുലിന്റെ പരാമർശത്തിനെതിരെയാണ് കേശവ് പ്രസാദ് പരാതി നൽകിയത്.
ജൂൺ ഒന്നിന് രാഹുൽ കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കണമെന്നും ആവശ്യമുണ്ടായിരുന്നു. ഹർജി പരിഗണിച്ച കോടതി രാഹുലിനോട് നിർബന്ധമായും ജൂൺ 7ന് തന്നെ ഹാജരാകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അതേസമയം, പരസ്യം പ്രസിദ്ധീകരിച്ചതിൽ രാഹുലിന് പങ്കില്ലെന്നാണ് കോൺഗ്രസിന്റെ ന്യായീകരണം.















