ന്യൂഡൽഹി: കോൺഗ്രസും ഇൻഡി സഖ്യവുമായി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മാത്രമാണ് ധാരണയെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ കൂട്ടുകെട്ട് ഇല്ലെന്നും ആം ആദ്മി പാർട്ടി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിലും പഞ്ചാബിലും വൻ തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് എഎപി ഡൽഹി സ്റ്റേറ്റ് കൺവീനർ ഗോപാൽ റായിയുടെ പ്രതികരണം.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമുളള സാഹചര്യങ്ങൾ വിലയിരുത്താനും പരാജയം പരിശോധിക്കാനും മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ വസതിയിൽ എഎപി എംഎൽഎമാരും മുതിർന്ന നേതാക്കളും യോഗം ചേർന്നിരുന്നു. ഇതിന് ശേഷമാണ് ഗോപാൽ റായിയുടെ പ്രതികരണം.
അടുത്ത വർഷമാണ് ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ലോക്‌സഭാ തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമാണ് ഇൻഡി സഖ്യം രൂപീകരിച്ചത്. ഒരുപാട് പാർട്ടികൾ ചേർന്നപ്പോൾ എഎപിയും അതിന്റെ ഭാഗമായി. എന്നാൽ നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി പൂർണ ശക്തിയോടെ ഒറ്റയ്‌ക്ക് മത്സരിക്കുമെന്നും ഗോപാൽ റായ് കൂട്ടിച്ചേർത്തു.
ഡൽഹിയിലെ ഏഴ് ലോക്‌സഭാ സീറ്റുകളിൽ ഒന്നിൽ പോലും എഎപിക്ക് വിജയിക്കാൻ കഴിഞ്ഞിരുന്നില്ല. ബിജെപിയാണ് ഏഴ് സീറ്റുകളിലും വിജയിച്ചത്. പ്രതികൂലമായ സാഹചര്യത്തിലാണ് പാർട്ടി തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും പ്രധാന നേതാക്കളെല്ലാം ജയിലിലായിരുന്നുവെന്നും പരാജയത്തെ ന്യായീകരിച്ച് ഗോപാൽ റായ് പറഞ്ഞു. കോൺഗ്രസുമായി സഖ്യമുണ്ടാക്കിയതിനാൽ ബിജെപി സ്ഥാനാർത്ഥികളുടെ ഭൂരിപക്ഷം കുറയ്‌ക്കാൻ കഴിഞ്ഞുവെന്നും ഗോപാൽ റായ് അവകാശപ്പെട്ടു. പഞ്ചാബിലും എഎപിക്ക് വലിയ തിരിച്ചടിയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നേരിട്ടത്.