തിരുവനന്തപുരം: മദ്യലഹരിയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കി നാല് പേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിക്ക് 10 വർഷം തടവ് ശിക്ഷയും പിഴയും വിധിച്ചു. 2016 ജൂൺ 8 നുണ്ടായ സംഭവത്തിലാണ് കോടതി വിധി പറഞ്ഞത്.
കാരയ്‌ക്കാ മണ്ഡപം സ്വദേശിയും കെഎസ്ആർടിസി ജീവനക്കാരനുമായിരുന്ന വിജയകുമാർ ഓടിച്ച ജീപ്പാണ് അപകടം ഉണ്ടാക്കിയത്. പ്രതി മദ്യലഹരിയിലാണ് അപകടമുണ്ടാക്കിയതെന്ന് തെളിഞ്ഞിരുന്നു. കാഞ്ഞിരംകുളം പൂവാർ റോഡിൽ അവണാകുഴിയിൽ വച്ച് ജീപ്പ് ഓട്ടോയെയും ബൈക്കിനെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു .
ഓട്ടോയിലും ബൈക്കിലുമായി യാത്ര ചെയ്തിരുന്ന യോഹന്നാൻ, സരോജം, ബനഡിക്ട് , ശശീന്ദ്രൻ എന്നിവരാണ് മരിച്ചത്. വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു വിജയകുമാറും മൂന്ന് സുഹൃത്തുക്കളും. വിജയകുമാറിന് 10 വർഷം തടവും ഒരു ലക്ഷത്തി ഇരുപത്തയ്യായിരം രൂപ പിഴയുമാണ് ശിക്ഷ. മറ്റു പ്രതികൾക്ക് മേൽ പ്രേരണാകുറ്റം ചുമത്തിയിരുന്നെങ്കിലും കോടതി വെറുതെ വിടുകയായിരുന്നു.















