ന്യൂഡൽഹി: മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുക സാധാരണക്കാരായ ജനങ്ങൾ മുതൽ ലോക നേതാക്കൾ വരെ. 8,000-ത്തിലധികം അതിഥികൾ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. ശുചീകരണ തൊഴിലാളികൾ, ട്രാൻസ്‌ജെന്റേഴ്‌സ്, സെൻട്രൽ വിസ്താ പദ്ധതിയുടെ ഭാഗമായ തൊഴിലാളികൾ എന്നിവർ ചടങ്ങിന്റെ ഭാഗമാകുമെന്നാണ് സൂചന.
വന്ദേഭാരതിലും മെട്രോയിലും ജോലി ചെയ്യുന്ന റെയിൽവേ ജീവനക്കാർ, കേന്ദ്രസർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കൾ, വികസിത ഭാരതം അംബാസിഡർമാർ എന്നിവരെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. രാഷ്‌ട്രപതി ഭവനിൽ അതിഥികളെ സ്വീകരിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടക്കുന്നതായി വൃത്തങ്ങൾ അറിയിച്ചു.
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന , നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദഹൽ, ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ എന്നിവർ എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ ഭാഗമാകും. ഭൂട്ടാൻ പ്രധാനമന്ത്രി ദഷോ ഷെറിങ് ടോബ്ഗേ, മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നോത്ത്, സീഷെൽസ് പ്രസിഡന്റ് വേവൽ രാംകലവൻ, തുടങ്ങിയ രാഷ്‌ട്രത്തലവൻമാർക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്.
2014-ലെ സത്യപ്രതിജ്ഞാ ചടങ്ങിൽ സാർക്ക് നേതാക്കളും 2019-ലെ ചടങ്ങിൽ BIMSTEC (Bay of Bengal Initiative for Multi-Sectoral Technical and Economic Cooperation) – ന്റെ ഭാഗമായ നേതാക്കളും പങ്കെടുത്തിരുന്നു. നെഹ്‌റുവിന് ശേഷം മൂന്ന് തെരഞ്ഞെടുപ്പുകൾ ജയിച്ച് പ്രധാനമന്ത്രിയാകുന്ന നേതാവെന്ന നേട്ടവും നരേന്ദ്രമോദിക്ക് സ്വന്തമാണ്.