പൂനെ: പൂനെ പോർഷെ കാർ അപകടത്തിൽ അറസ്റ്റിലായ 17 കാരന്റെ അച്ഛനും മുത്തച്ഛനുമെതിരെ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് വീണ്ടും കേസ്. ഒരു ബിസിനസുകാരന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പൂനെ വഡ്ഗാവോൺ ഷേരിയിൽ കൺസ്ട്രക്ഷൻ ബിസിനെസ്സ് നടത്തുന്ന ഡിഎസ് കതുർ എന്നയാളാണ് ഇത് സംബന്ധിച്ച് പരാതി നൽകിയതെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
പരാതിക്കാരന്റെ മകനായ ശശികാന്ത് കതുറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് പുതിയ കേസ്. സംഭവത്തിൽ വിനയ് കാലെ എന്നയാൾ നേരത്തെ അറസ്റ്റിലായിരുന്നു. വിശദമായ ചോദ്യം ചെയ്യലിലാണ് പൂനെ പോർഷെ കാർ അപകടത്തിലെ പ്രതിയുടെ അച്ഛനായ വിശാൽ അഗർവാളിനും, മുത്തച്ഛനായ സുരേന്ദ്രകുമാർ അഗർവാളിനും ആത്മഹത്യയുമായി ബന്ധമുണ്ടെന്ന് വിനയ് കാലെ വെളിപ്പെടുത്തിയത്.
ബിസിനസ് ആവശ്യങ്ങൾക്കായി ശശികാന്ത് കതുർ, വിനയ് കാലെയുടെ പക്കൽ നിന്നും പണം കടം വാങ്ങിയിരുന്നു. എന്നാൽ പണം കൃത്യമായി അടയ്‌ക്കാൻ സാധിക്കാതെ വന്നതോടെ വിനയ് കാലെ ശശികാന്തിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. പിന്നാലെയാണ് ഇയാൾ ആത്മഹത്യ ചെയ്തത്. കേസിൽ വിനയ് കാലെയെ പൊലീസ് കഴിഞ്ഞ ദിവസമാണ് അരസ്റ്റ് ചെയ്തത്. വഞ്ചന, ആത്മഹത്യാ പ്രേരണ കുറ്റങ്ങൾ ചുമത്തിയാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.















