ചണ്ഡീഗഢ്: നടിയും മാണ്ഡി മണ്ഡലം നിയുക്ത എംപിയുമായ കങ്കണ റണാവത്തിനെ മർദ്ദിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥ അറസ്റ്റിൽ. എംപിയുടെ പരാതിയിൽ ഉദ്യോഗസ്ഥ കുൽവീന്ദർ കൗറിനെ മൊഹാലി പൊലീസ് അറസ്റ്റ് ചെയ്തതായി ദേശീയ മാദ്ധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. അന്വേഷണ വിധേയമായി ഇന്നലെ ഇവരെ സസ്‌പെൻഡ് ചെയ്തിരുന്നു. പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയായിരുന്നു സസ്‌പെൻഷൻ.
കർഷക സമരവുമായി ബന്ധപ്പെട്ട് കങ്കണ റണാവത്ത് നടത്തിയ പഴയ പ്രസ്താവനയോട് അമർഷം തോന്നിയതുകൊണ്ടാണ് തല്ലിയതെന്ന് കൗർ പറയുന്ന വീഡിയോ ഇന്നലെ പുറത്തുവന്നിരുന്നു. ”ഞാൻ അവളെ തല്ലി, കാരണം അവൾ കർഷക സമരത്തിനെതിരെ മോശമായ പരാമർശം നടത്തി. കർഷകർ 100 രൂപ വാങ്ങിയാണ് സമരത്തിനെത്തിയതെന്നായിരുന്നു പറഞ്ഞത്. അവൾ പോകുമോ ആ സമരത്തിന്, ഈ പരാമർശം നടത്തുമ്പോൾ എന്റെ അമ്മ അവിടെ സമരം ചെയ്യുകയായിരുന്നു കുൽവീന്ദർ കൗർ പറഞ്ഞു.”.
ഡൽഹിയിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. സെക്യൂരിറ്റി ചെക്കിംഗിനിടെ സിഐഎസ്എഫ് കോൺസ്റ്റബിൾ നടിയെ തല്ലുകയായിരുന്നു.















