ന്യൂഡൽഹി: എൻഡിഎ പാർലമെൻ്ററി പാർട്ടി യോഗത്തിൽ നരേന്ദ്രമോദിയുടെ നേതൃത്വ മികവിനെ പ്രശംസിച്ച് ബിഹാർ മുഖ്യമന്ത്രിയും ജെഡിയു തലവനുമായ നിതീഷ് കുമാർ. രാജ്യത്തെ വികസനത്തിന്റെ പാതയിൽ മുന്നോട്ട് നയിക്കാൻ നരേന്ദ്രമോദിക്ക് പിന്നിൽ ഒറ്റക്കെട്ടായി അണിനിരക്കുമെന്ന് പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടന്ന യോഗത്തിൽ അദ്ദേഹം പറഞ്ഞു.
നരേന്ദ്രമോദി എത്രയും പെട്ടന്ന് സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്ന് നിതീഷിന്റെ വാക്കുകളെ കൈയ്യടികളൊടെയാണ് അംഗങ്ങൾ വരവേറ്റത്. കഴിഞ്ഞ 10 വർഷമായി പ്രധാനമന്ത്രിയായിരുന്ന അദ്ദേഹം വീണ്ടും പ്രധാനമന്ത്രിയാകുന്നതിൽ എറെ സന്തോഷമുണ്ട്. തന്റെ പാർട്ടി എല്ലായ്‌പ്പോഴും പ്രധാനമന്ത്രിക്കൊപ്പം നിലകൊള്ളുമെന്നും ഒരുമിച്ച് പ്രവർത്തിക്കാൻ സാധിച്ചതിൽ അതീവ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രസംഗത്തിൽ ഇൻഡി സഖ്യത്തിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച ബിഹാർ മുഖ്യമന്ത്രി അവർ രാജ്യത്തിനും സംസ്ഥാനത്തിനും വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. ചിലർ അവിടെയും ഇവിടെയും ജയിച്ചു. എന്നാൽ അടുത്ത തവണ അവിടെയെല്ലാം അവർ തോൽക്കും. കാരണം അവർ രാജ്യത്തിനു വേണ്ടി ഒന്നും ചെയ്തിട്ടില്ല. ബിഹാറിൽ ഒരുപാട് കാര്യങ്ങൾ ചെയ്ത തീർക്കാനുണ്ടെന്നും അതിലാണ് തന്റെ ശ്രദ്ധയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യോഗത്തിൽ മുതിർന്ന ബിജെപി നേതാവും രണ്ടാം മോദി സർക്കാരിലെ പ്രതിരോധ മന്ത്രിയുമായിരുന്ന രാജ്‌നാഥ് സിംഗ് നരേന്ദ്രമോദിയുടെ പേര് എൻഡിഎ പാർലമെൻ്ററി പാർട്ടി നേതാവായി നിർദ്ദേശിച്ചു. ശേഷം സംസാരിച്ച അമിത് ഷായും നിതിൻ ഗഡ്കരിയും രാജ്നാഥ് സിംഗിന്റെ നിർദ്ദേശം പിന്താങ്ങി.















