ന്യൂഡൽഹി: മൂന്നാം വട്ടവും അധികാരത്തിലെത്തിയ നരേന്ദ്ര മോദി സർക്കാരിന് അഭിനന്ദനങ്ങളറിയിച്ച് സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. ഇരു രാജ്യങ്ങളും തമ്മിൽ നിലനിർത്തി പോരുന്ന ദൃഢമായ നയതന്ത്ര ബന്ധത്തെയും പരസ്പരം നൽകുന്ന ബഹുമാനവും സഹകരണ മനോഭാവത്തേയുമാണ് ഇത് സൂചിപ്പിക്കുന്നത്.
കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പൊതുതെരഞ്ഞെടുപ്പിൽ വിജയിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ പാർട്ടിയെയും അഭിനന്ദിക്കുന്നുവെന്നായിരുന്നു സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന.
ഇതിനോടകം തന്നെ നിരവധി ലോകനേതാക്കളാണ് വിജയത്തിൽ മോദിക്ക് പ്രശംസയുമായി എത്തിയത്. ഓസ്ട്രേലിയ,ഇറ്റലി, അമേരിക്ക, ഇംഗ്ലണ്ട്, ശ്രീലങ്ക, മാലദ്വീപ് ഭൂട്ടാൻ, തുടങ്ങി ചെറുതും വലുതുമായ രാജ്യങ്ങളുടെ നേതാക്കളെല്ലാം തെരഞ്ഞെടുപ്പ് വിജയത്തിനുപിന്നാലെ മോദിക്ക് അഭിനന്ദനമറിയിച്ചിരുന്നു. മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം മൂന്നാം വട്ടവും ലോക്സഭാ തെരഞ്ഞെടുപ്പിൽ വ്യകതമായ മേൽക്കയ്യോടെ അധികാരത്തിലെത്തിയിരുന്നു.