കോട്ടയം കുഞ്ഞച്ചൻ, കിഴക്കൻ പത്രോസ്, പ്രായിക്കര പാപ്പാൻ, കന്യാകുമാരി എക്സ്പ്രസ്സ്, ഉപ്പുകണ്ടം ബ്രദേർസ്, മാന്യന്മാർ തുടങ്ങി ഒട്ടനവധി ഹിറ്റുകൾ മലയാളത്തിന് സമ്മാനിച്ച ടി.എസ്. സുരേഷ് ബാബു വീണ്ടും സംവിധാന കുപ്പായം അണിയുന്നു. ഒരിടവേളക്ക് ശേഷം സുരേഷ് ബാബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഡിഎൻഎയിലൂടെ പഴയകാല നടിയായ സലീമയും അഭിനയരംഗത്തേക്ക് തിരിച്ചെത്തുകയാണ്.
നഖക്ഷതങ്ങള്‍, ആരണ്യകം, വന്ദനം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയങ്ങളില്‍ ഇടം നേടിയ നടി സലീമയാണ് വീണ്ടും അഭിനയ രംഗത്തേക്ക് എത്തുന്നത്. സുരേഷ് ബാബുവിന്റെ ചിത്രത്തിൽ വയോധികയുടെ വേഷത്തിലാണ് സലീമ എത്തുന്നത്. സലീമ അവതരിപ്പിക്കുന്ന ‘പാട്ടി’എന്ന കഥാപാത്രത്തിന്റെ ക്യാരക്റ്റര്‍ പോസ്റ്ററും പുറത്തിറങ്ങി.
ആന്ധ്രാപ്രദേശുകാരിയായ സലീമ മലയാള സിനിമയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. യുവനടൻ അഷ്‌കർ സൗദാന്‍ നായകനാകുന്ന ചിത്രം ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി. അബ്ദുൾ നാസ്സറാണ് നിർമ്മിക്കുന്നത്. ചിത്രം ജൂൺ 14-ന് തിയേറ്ററിലെത്തും.
റിയാസ് ഖാന്‍, ബാബു ആൻ്റണി, റായ് ലക്ഷ്മി, അജു വർഗീസ്, രൺജി പണിക്കർ, ഇർഷാദ്, രവീന്ദ്രൻ, ഹന്നാ റെജി കോശി, ഇനിയ, ഗൗരിനന്ദ, സ്വാസിക, സീത, ശിവാനി,ഇടവേള ബാബു, കോട്ടയം നസീർ, പത്മരാജ് രതീഷ്, സെന്തിൽ കൃഷ്ണ, കൈലാഷ്, കുഞ്ചൻ, രാജാ സാഹിബ്, മജീദ്, ബാദുഷ, ജോൺ കൈപ്പള്ളിൽ, രഞ്ജു ചാലക്കുടി, രാഹുൽ, രവി വെങ്കിട്ടരാമൻ, ശിവൻ ശ്രീനിവാസൻ തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.















