മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ മാലദ്വീപ് പ്രസിഡന്റ് പങ്കെടുത്തേക്കുമെന്ന് റിപ്പോർട്ട്. മുഹമ്മദ് മുയിസു ക്ഷണം സ്വീകരിച്ചതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സത്യപ്രതിജ്ഞ ചടങ്ങിനെത്തിയാൽ മുയിസുവിന്റെ ആദ്യ ഇന്ത്യൻ സന്ദർശനമാകും. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ നരേന്ദ്ര മോദിക്ക് അഭിനന്ദനവുമായി മുയിസു രംഗത്തെത്തിയിരുന്നു. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തിലെ വിള്ളലുകൾ മാലദ്വീപിന് കനത്ത തിരിച്ചടിയാണ് നൽകിയത്. ഇന്ത്യൻ സഞ്ചാരികൾ കൂട്ടത്തോടെ ദ്വീപ് രാഷ്‌ട്രത്തെ കയ്യൊഴിഞ്ഞതോടെ സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്നതിനിടെ ഇന്ത്യയുമായി അടുക്കാനുള്ള ഒരവസരവും ഭരണകൂടം പാഴാക്കുന്നില്ല.















