തൃശൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂർ ഡിസിസി ഓഫീസിൽ വച്ചുണ്ടായ കൂട്ടത്തല്ലിൽ പ്രതികരിച്ച് പദ്മജ വേണുഗോപാൽ. ‘ കോൺഗ്രസിന്റെ സ്‌നേഹ സന്ദേശ യാത്രക്കാർ തമ്മിൽ തൃശൂർ ഡിസിസി ഓഫീസിൽ കൂട്ടയടി’ എന്ന പോസ്റ്റാണ് പദ്മജ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചത്. ‘ പദ്മജ കോൺഗ്രസിൽ നിന്ന് പോയത് തൃശൂർ കോൺഗ്രസിനെ ശക്തിപ്പെടുത്തുമെന്ന് പറഞ്ഞത് ഇതാണ് അല്ലേ? എന്നും അവർ പരിഹസിച്ചു.
കെ. മുരളീധരന് നേരത്തെ തന്നെ താൻ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് കഴിഞ്ഞ ദിവസം പദ്മജ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. പദ്മജ കോൺഗ്രസിൽ നിന്ന് പോയത് തങ്ങൾക്ക് ഗുണമായിട്ടുണ്ടെന്നും ഇത് കോൺഗ്രസിനെ ശക്തിപ്പെടുത്താൻ സഹായിക്കുമെന്നുമായിരുന്നു തെരഞ്ഞെടുപ്പിന് മുന്നോടിയായി നേതാക്കൾ പറഞ്ഞിരുന്നത്. എന്നാൽ ഫലപ്രഖ്യാപനം വന്നതോടെ കോൺഗ്രസിൽ പ്രതിഷേധങ്ങൾ പൊട്ടിപുറപ്പെടുകയായിരുന്നു.
ഇന്ന് വൈകുന്നേരമാണ് ഡിസിസി ഓഫീസിൽ വച്ച് കെ. മുരളീധരന്റെ അനുയായിയും ഡിസിസി സെക്രട്ടറിയുമായ സതീശൻ കുര്യച്ചിറയെ അനുകൂലിക്കുന്നവരും, അദ്ധ്യക്ഷൻ ജോസ് വള്ളൂരിനെ അനുകൂലിക്കുന്നവരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ഇതേത്തുടർന്ന് സതീശൻ കുര്യച്ചിറ ഓഫീസിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സംഭവമറിഞ്ഞ് കെ. മുരളീധരന്റെ അനിയായികൾ കൂടുതൽ പേർ എത്തിയത്തോടെ വീണ്ടും വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി. കെ. മുരളീധരന്റെ തോൽവിയിൽ പ്രതിഷേധിച്ച് ഡിസിസി ഓഫീസിന് മുന്നിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതും വാക്കേറ്റത്തിന് കാരണമായിരുന്നു.















