അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ വിജയകരമായി ലാൻഡ് ചെയ്തതിന്റെ സന്തോഷത്തിലാണ് സുനിത വില്യംസും ബുച്ച് വിൽമോറും. ബോയിംഗ് സറ്റാർലൈനർ പേടകത്തിൽ നിന്ന് ഹീലിയം വാതക ചോർച്ച പോലുള്ള ഒട്ടനവധി പ്രതിസന്ധികൾ നേരിട്ടാണ് ഇരുവരും ബഹിരാകാശ നിലയത്തിൽ എത്തിയത്. പ്രതീക്ഷിച്ചതിലും ഒരു മണിക്കൂർ വൈകിയെങ്കിലും സുരക്ഷിതരായി ബഹിരാകാശ നിലയിൽ ഇരുവരും എത്തിച്ചേർന്നു.
നിലയത്തിൽ നിലവിലുള്ള മറ്റ് ഏഴ് യാത്രികരെ കണ്ടതിന്റെ സന്തോഷം ഡപ്പാംകുത്ത് ഡാൻസ് കളിച്ചാണ് സുനിത പ്രകടിപ്പിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ഇതിനോടകം വൈറലായിരുന്നു. ഇനി ബഹിരാകാശ നിലയത്തിൽ വച്ച് മീൻ കറി രുചിച്ചു നോക്കാനുള്ള തയ്യാറെടുപ്പിലാണ് സുനിത വില്യംസെന്നാണ് നാസ പറയുന്നത്.
കഴിഞ്ഞ തവണ ബഹിരാകാശ നിലയത്തിൽ സുനിത എത്തിയപ്പോൾ സമൂസയായിരുന്നു കഴിച്ചത്. എന്നാൽ ഇത്തവണ മീൻ കറിയാണ് കഴിക്കാൻ പോകുന്നത്. ഇന്ത്യൻ ഭക്ഷണങ്ങളോടുള്ള അതിയായ കൊതിയാണ് ഇതിനു പിന്നിലെന്നും ബഹിരാകാശ നിലയത്തിലെത്തുമ്പോൾ തന്റെ പ്രിയപ്പെട്ട ഭക്ഷണങ്ങൾ ഒരിക്കലും മിസ് ചെയ്യരുതെന്ന് സുനിതയ്‌ക്ക് നിർബന്ധമുണ്ടെന്നും നാസ പറയുന്നു.
ഡോ. ദീപക് പാണ്ഡ്യയുടെയും ബോണി പാണ്ഡ്യയുടെയും മകളായി ജനിച്ച സുനിത ഇന്ത്യൻ വംശജയാണ്. ഭഗവത് ഗീത കൈവശം വച്ചാണ് സുനിത ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചത്. ഇതിന്റെ ദൃശ്യങ്ങളും വാർത്തളിലുടനീളം സ്ഥാനം പിടിച്ചിരുന്നു.
ബഹിരാകാശ നിലയത്തിലേക്കുള്ള സുനിത വില്യംസിന്റെ മൂന്നാമത്തെ യാത്ര കൂടിയാണിത്. നാസയുടെ കൊമേസ്യൽ ക്രൂ പ്രോഗ്രാമിന്റെ ഭാഗമായിട്ടുള്ള സ്റ്റാർലൈനറിന് വേണ്ടി നടത്തുന്ന ആദ്യ പരീക്ഷണയാത്ര എന്ന പ്രത്യേകത കൂടി ഈ യാത്രയ്‌ക്കുണ്ട്.















