കോട്ടയം: ആലപ്പുഴ ജില്ലയിലെ മുഹമ്മ പഞ്ചായത്തിലെ പ്രദേശങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ
സമീപ പ്രദേശമായ കോട്ടയം ജില്ലയിലെ കുമരകത്ത് ഉൾപ്പെടെ ജാഗ്രതാ നിർദ്ദേശം. അയ്മനം, ആർപ്പൂക്കര, വെച്ചൂർ ഗ്രാമപഞ്ചായത്തുകളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തുകളിലും അധികൃതർ ജാഗ്രതാ നിർദേശം നൽകി. ഈ പ്രദേശങ്ങളിൽ കോഴി, താറാവ്, കാട തുടങ്ങിയവയുടെ ഇറച്ചിയും മുട്ടയും വിൽക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയതായും അധികൃതർ അറിയിച്ചു. ജൂൺ 12 വരെയാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
നിരോധനം ഏർപ്പെടുത്തിയിരിക്കുന്ന പഞ്ചായത്തുകളിൽ നിന്ന് വളർത്തുപക്ഷികളുടെ ഇറച്ചിയും മുട്ടയും കാഷ്ടവും മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതിനും മറ്റ് സ്ഥലങ്ങളിൽ നിന്ന് കൊണ്ടുവരുന്നതിനും വിലക്കുണ്ട്. പൊലീസ് കർശന പരിശോധന നടത്തും.
കഴിഞ്ഞ ദിവസമാണ് ആലപ്പുഴ ജില്ലയിലെ മുഹമ്മ പഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചത്. താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയതിന് പിന്നാലെ സാമ്പിളുകളെടുത്ത് പരിശോധിച്ചപ്പോഴാണ് പക്ഷിപ്പനിയാണെന്ന് കണ്ടെത്തിയത്. ഇതോടെ ജാഗ്രതാ നിർദേശം പുറപ്പെടുവിക്കുകയായിരുന്നു.















