നടിയും നിയുക്ത എംപിയുമായ കങ്കണ റണാവത്തിനെ സിഐഎസ്എഫ് ഉദ്യോഗസ്ഥ മർദ്ദിച്ച സംഭവത്തിൽ പ്രതികരണവുമായി അഹാന കൃഷ്ണ. ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത പ്രവർത്തിയാണ് ഉദ്യോഗസ്ഥയുടേതെന്നായിരുന്നു അഹാന പ്രതികരിച്ചത്. ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഇനി ഇവർക്ക് ദേഷ്യം വരുമ്പോൾ ആരെയെങ്കിലും തോക്കെടുത്ത് വെടിവച്ചാൽ എന്തു ചെയ്യുമെന്നുമാണ് അഹാന ചോദിക്കുന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു അഹാനയുടെ പ്രതികരണം.
‘വ്യക്തിപരമായി ഞാൻ കങ്കണയുടെ ആരാധികയല്ല. പക്ഷെ, ഈ നടന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണ്. സുരക്ഷാ ഉദ്യോഗസ്ഥ ആയാലും മറ്റാരായാലും. വ്യക്തിപരമായുള്ള എതിർപ്പിന് ഇങ്ങനെയാണോ പ്രതികരിക്കേണ്ടത്. പൊതുസ്ഥലത്ത് വച്ച് ഒരാളെ മർദ്ദിക്കുന്നത് എങ്ങനെയാണ് ശരിയാകുന്നത്. മര്യാദയും നീതിയും ഒന്നുമില്ലേ? ഈ ഉദ്യോഗസ്ഥക്കെതിരെ തീർച്ചയായും നടപടി സ്വീകരിക്കണം. അടുത്ത തവണ ദേഷ്യം വരുമ്പോൾ ഇവർ തോക്കെടുത്ത് വെടിവെക്കില്ലെന്ന് ആര് കണ്ടു?.’- അഹാന കുറിച്ചു.

വ്യാഴാഴ്ചയാണ് ചണ്ഡിഗഡ് വിമാനത്താവളത്തിൽ വച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥ കങ്കണയുടെ മുഖത്തടിച്ചത്. കങ്കണയുടെ പരാതിയെ തുടർന്ന് ഉദ്യോഗസ്ഥ കുൽവീന്ദർ കൗറിനെ മൊഹാലിയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരിക്കുകയാണ്. പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയായിരുന്നു സസ്‌പെൻഷൻ.
കർഷക സമരവുമായി ബന്ധപ്പെട്ട് കങ്കണ റണാവത്ത് നടത്തിയ പഴയ പ്രസ്താവനയോട് അമർഷം തോന്നിയതുകൊണ്ടാണ് തല്ലിയതെന്ന് കൗർ പറയുന്ന വീഡിയോ ഇന്നലെ പുറത്തുവന്നിരുന്നു. ”ഞാൻ അവളെ തല്ലി, കാരണം അവൾ കർഷക സമരത്തിനെതിരെ മോശമായ പരാമർശം നടത്തി. കർഷകർ 100 രൂപ വാങ്ങിയാണ് സമരത്തിനെത്തിയതെന്നായിരുന്നു പറഞ്ഞത്. അവൾ പോകുമോ ആ സമരത്തിന്, ഈ പരാമർശം നടത്തുമ്പോൾ എന്റെ അമ്മ അവിടെ സമരം ചെയ്യുകയായിരുന്നെന്നാണ് കുൽവീന്ദർ കൗർ പറഞ്ഞത്.”















