ന്യൂഡൽഹി: ഈനാട് മീഡിയ ഗ്രൂപ്പ് ചെയർമാനും റാമോജി ഫിലിം സിറ്റിയുടെ സ്ഥാപകനുമായ റാമോജി റാവുവിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. പത്രപ്രവർത്തന- സിനിമാ മേഖലയിലെ അദ്ദേഹത്തിന്റെ സംഭാവനകൾ എടുത്തുപറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി അനുശോചിച്ചത്. റാമോജി റാവുവിന്റെ വിയോഗം അങ്ങേയറ്റം ദുഃഖകരമാണെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
ഇന്ത്യൻ മാദ്ധ്യമലോകത്ത് വിപ്ലവം സൃഷ്ടിച്ച വ്യക്തിയായിരുന്നു റാമോജി റാവു. അദ്ദേഹത്തിന്റെ സംഭാവനകൾ പത്രപ്രവർത്തന മേഖലയിലും ചലചിത്ര ലോകത്തും മായാത്ത മുദ്രകൾ പതിപ്പിച്ചു. മാദ്ധ്യമരംഗത്തും വിനോദ മേഖലയ്‌ക്കും അദ്ദേഹം പുതിയ രൂപം നൽകി.
The passing away of Shri Ramoji Rao Garu is extremely saddening. He was a visionary who revolutionized Indian media. His rich contributions have left an indelible mark on journalism and the world of films. Through his noteworthy efforts, he set new standards for innovation and… pic.twitter.com/siC7aSHUxK
— Narendra Modi (@narendramodi) June 8, 2024
രാജ്യത്തിന്റെ വികസനത്തിൽ അദ്ദേഹം വളരെയധികം തത്പരനായിരുന്നു. അദ്ദേഹവുമായി അടുത്ത ബന്ധം പുലർത്താനും ഇടപഴകാനും അവസരങ്ങൾ ലഭിച്ചത് എന്റെ ഭാഗ്യമാണ്. ഈ സങ്കടകരമായ വേളയിൽ അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും വിഷമത്തിൽ പങ്കുചേരുന്നുവെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് റാവു അന്തരിച്ചത്. ഉയർന്ന രക്തസമ്മർദ്ദവും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഈനാട് പത്രം, ഇടിവി നെറ്റ്‍വർക്ക്, രാമദേവി പബ്ലിക് സ്‌കൂള്‍, പ്രിയ ഫുഡ്‌സ്, ഉഷാകിരണ്‍ മൂവീസ്, മയൂരി ഫിലിം ഡിസ്ട്രിബ്യൂഷന്‍ എന്നിങ്ങനെ വിവിധ വ്യവസായ സംരംഭങ്ങളുടെ ഉടമയും കൂടിയാണ് അദ്ദേഹം.