തിരുവനന്തപുരം: കേരളം കണ്ടിട്ടുള്ള ഏറ്റവും തൊലിക്കട്ടിയുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് ബിജെപി നേതാവ് വി. മുരളീധരൻ. പൂജ്യം മാർക്ക് കിട്ടിയ കുട്ടികൾ പ്രോഗ്രസ് റിപ്പോർട്ടുമായി മാതാപിതാക്കളുടെ അടുത്തേക്ക് പോകുന്നത് പോലെയാണ് മുഖ്യമന്ത്രി ഇന്നലെ ജനങ്ങൾക്ക് മുന്നിൽ സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ചത്. യാതൊരു വിധ ജാള്യതയുമില്ലാതെയാണ് അദ്ദേഹം അത് അവതരിപ്പിച്ചത്. കേരളത്തിലെ ഭരണ പരാജയത്തിന്റെ കാരണം അദ്ദേഹം കേന്ദ്രസർക്കാരിന്റെ തലയിൽ കെട്ടിവയ്‌ക്കുകയായിരുന്നു.
സർക്കാർ ജീവനക്കാർക്ക് പോലും നേരാംവണ്ണം പെൻഷൻ നൽകാൻ പറ്റിയില്ലെങ്കിലും സർക്കാർ നേട്ടങ്ങൾ ഉണ്ടാക്കിയെന്ന് മാദ്ധ്യമങ്ങൾക്ക് മുന്നിൽ നിന്ന് പറയണമെങ്കിൽ മുഖ്യമന്ത്രിക്ക് ഒരു മാറ്റവും ഇല്ലെന്നാണ് അത് വ്യക്തമാക്കുന്നത്. കേരളത്തിലെ ജനങ്ങളെ അവഹേളിച്ച് കൊണ്ട് സർക്കാർ നേട്ടങ്ങളുണ്ടാക്കിയെന്ന് പ്രഖ്യാപനം നടത്തുന്നത് എന്ത് മാനസികാവസ്ഥയാണെന്ന് അറിയില്ല. മൂർത്തമായ സാഹചര്യത്തിൽ മൂർത്തമായി പ്രതികരിക്കാൻ ഗോവിന്ദൻ മുഖ്യമന്ത്രിയെ പഠിപ്പിക്കണം.
പുരോഹിതന്മാർക്കിടയിലും വിവരദോഷികളുണ്ടാകുമെന്ന പരാമർശം മുഖ്യമന്ത്രിയുടെ മാനസികാവസ്ഥയാണ് തുറന്നുകാട്ടുന്നത്. 8 വർഷം മുമ്പ് താമരശ്ശേരി ബിഷപ്പിനെ നികൃഷ്ട ജീവിയെന്ന് വിളിച്ചയാളാണ് മുഖ്യമന്ത്രി. ആ മനോനിലയിൽ നിന്ന് മാറി ചിന്തിക്കാൻ അദ്ദേഹം ഇതുവരെയും തയ്യാറായിട്ടില്ല. ബിഷപ്പിന്റെ പരാമർശം കേരളത്തിന്റെ പൊതുവായ വികാരമാണ്. അതുകൊണ്ടാണ് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ പല മണ്ഡലങ്ങളിലും മൂന്നാം സ്ഥാനത്തായിപ്പോയത്. വിയോജിക്കുന്നവരോടുള്ള അസഹിഷ്ണുതയാണ് മുഖ്യമന്ത്രി അന്നും ഇന്നും പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പെൻഷനും ശമ്പളവും കൊടുക്കാൻ കഴിയാത്ത ആളുകൾക്ക് നവകേരള സദസും ലോകകേരള സഭയും നടത്താൻ പണമുണ്ട്. കേരളത്തിനോ പ്രവാസികൾക്കോ ഒരു ഗുണവും ലോകകേരള സഭ മൂലം ഉണ്ടായിട്ടില്ല. 300 കോടി ചെലവിട്ട് ഡൽഹിയിൽ കേരള ഭവൻ പണിയാൻ പോകുന്നത് ആർക്ക് വേണ്ടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.