ഗൾഫ് രാജ്യങ്ങൾ വിലക്കിയ ഷെയ്ൻ നിഗം ചിത്രം ‘ലിറ്റിൽ ഹാർട്സ്’ കഴിഞ്ഞ ദിവസം തിയേറ്ററിലെത്തിയിരുന്നു. കൊച്ചിയിൽ കുട്ടികൾക്കും കോളേജ് വിദ്യാർത്ഥികൾക്കുമായി ആദ്യ ഷോ ഒരുക്കിയാണ് അണിയറപ്രവർത്തകർ റിലീസ് ആഘോഷിച്ചത്. ചിത്രത്തില്‍ ബാബുരാജും ഷെയ്ന്‍ നിഗവും അച്ഛനും മകനുമായിട്ടാണ് അഭിനയിക്കുന്നത്. സിനിമയെ കുറിച്ചുള്ള പ്രേക്ഷക അഭിപ്രായം നോക്കാം.
ചിത്രത്തിൽ ഗംഭീര പ്രകടനം കാഴ്ച വച്ചത് ബാബു രാജും ഷൈൻ ടോം ചാക്കോയുമാണെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. സിറ്റുവേഷണൽ കോമഡി രംഗങ്ങൾ ബാബുരാജ് മികച്ച രീതിയിൽ അവതരിപ്പിച്ചു. ഓരോ സീനിലും പ്രേക്ഷകർ പ്രതീക്ഷിക്കാത്ത രീതിയിലുള്ള അഭിനയമായിരുന്നു ബാബു രാജിന്റേത്. മലയാള സിനിമ ഇനിയും വേണ്ട രീതിയിൽ ഉപയോഗിക്കേണ്ട നടനാണ് ബാബുരാജെന്നും ഈ സിനിമയിൽ അത് വ്യക്തമാകുമെന്നും ചിലർ പറയുന്നു.
തുടരെ വന്ന സിനിമകളിൽ ഒരേ പറ്റേൺ കഥാപാത്രങ്ങളിൽ നിന്നും ഷൈൻ ടോം ചാക്കോ മാറ്റി പിടിച്ച റോളായിരുന്നു സിനിമയിൽ. വ്യത്യസ്ത വേഷമായിരുന്നുവെന്ന് പ്രേക്ഷകരും പറയുന്നു. വളരെ പക്വമായ, കൺട്രോൾഡ് ആയ അഭിനയം കൊണ്ടാണ് അദ്ദേഹം പ്രേക്ഷകരുടെ കയ്യടി നേടിയത്.
തിരക്കഥക്ക് ചെറിയ പ്രശ്നമുണ്ടെന്നും ചിലർ പറയുന്നുണ്ട്. ഷെയ്ൻ നിഗത്തിന്റെ പ്രകടനം ഫാൻസുകാർ പ്രതീക്ഷിച്ചപോലെ ഉയർന്നില്ലെന്ന നിരാശയും ഉണ്ട്. സിനിമ കാണാനെത്തിയ ഷെയ്ൻ ഫാൻസ് തിയറ്ററിലിരുന്ന് ഉറങ്ങുകയായിരുന്നുവെന്ന് കാണികളിൽ ഒരാൾ ഓൺലൈൻ മാദ്ധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തിൽ തുറന്നടിച്ചു. കൂടാതെ ചില പാട്ടുകളും പ്രേക്ഷകർക്ക് കല്ലുകടിയായി. ഷെയിൻ നിഗം ഇടുക്കിക്കാരനാകാൻ പരമാവധി ശ്രമിച്ചെങ്കിലും പൂർണമായും കഥാപാത്രത്തിനോട് ഇഴുകിച്ചേരാൻ സാധിച്ചില്ലെന്നും അഭിപ്രായങ്ങളുണ്ട്.
ജാഫർ ഇടുക്കി, രൺജി പണിക്കർ, മാല പാർവതി എന്നിവരും അവരവരുടെ കഥാപാത്രങ്ങൾ മികച്ചതാക്കി. ഇടുക്കിയുടെ ഭംഗി അതേപടി ആവിഷ്ക്കരിച്ചതിൽ ലുക്ക് ജോസിന്റെ ക്യാമറയും കയ്യടി അർഹിക്കുന്നു. മൂന്ന് രീതിയിലെ പ്രണയവുമായാണ് സിനിമ തിയേറ്ററിലെത്തിയത്. എന്നാൽ, എല്ലാതരം പ്രേക്ഷകർക്കും പൂർണമായും ദഹിക്കുന്ന രീതിയിലല്ല ചിത്രമെന്നാണ് ചില പ്രേക്ഷകർ പറയുന്നത്.
ബി ട്രീസ പോളിന്റെയും ആന്റോ ജോസ് പെരേരയുടെയും സംവിധാനത്തിലെത്തിയ ചിത്രത്തിൽ പത്തോളം പാട്ടുകളാണുള്ളത്. പ്രണയം മനുഷ്യരിൽ എല്ലാ പ്രായത്തിലും ഉണ്ടാകും. അതിന് ജാതി,മതം,ലിംഗം,പ്രായം ഒന്നും തടസമില്ലെന്ന സന്ദേശമാണ് ചിത്രം നൽകുന്നത്.















