ന്യൂഡൽഹി: ഡിജിറ്റൽ ഇടപാടുകളുമായി ബന്ധപ്പെട്ട് നടക്കുന്ന തട്ടിപ്പുകൾ തടയാൻ പുതിയ സംവിധാനവുമായി റിസർവ് ബാങ്ക്. ഡിജിറ്റൽ തട്ടിപ്പുകൾ തടയുന്നതിനായി ഡിജിറ്റൽ ഇടപാടുകൾക്കുള്ള നെറ്റ്വർക്കുകളിൽ ഇന്റലിജൻസ് പ്ലാറ്റ്ഫോമുകൾ ഒരുക്കാനാണ് ആർബിഐ ലക്ഷ്യമിടുന്നത്. ഇതിലൂടെ തട്ടിപ്പ് നടക്കുന്നുവെന്ന് സംശയമുണ്ടായാൽ നിഷ്പ്രയാസം തത്സമയമായി വിവരങ്ങൾ കൈമറാൻ സാധിക്കും.
പുതിയ സംവിധാനത്തിന്റെ കൂടുതൽ വിവരങ്ങൾ പരിശോധിക്കുന്നതിനും പഠിക്കുന്നതിനുമായി പ്രത്യേക സമിതിയെ രൂപീകരിച്ചതായി ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. രണ്ട് മാസം കൊണ്ട് റിപ്പോർട്ട് സമർപ്പിക്കാനാണ് പദ്ധതിയിടുന്നത്. നാഷ്ണൽ പെയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ആദ്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന എപി ഹോട്ടയാണ് പുതിയ സമിതിയുടെ അദ്ധ്യക്ഷൻ.
എൻപിസിഐ, എസ്ബിഐ, എച്ച്ഡിഎഫ്സി, ഐസി, ഐസിഐ ബങ്കുകളുടെ പ്രതിനിധികൾ സമിതിയിലുണ്ടാവും. ഡിജിറ്റൽ പേയ്മെന്റ് സംവിധാനം കുറ്റമറ്റതാക്കാനും ഉപഭോക്താക്കളുടെ ആത്മവിശ്വാസം കൂട്ടാനുമായി വിവിധ നടപടികൾ ആർബിഐ ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്.