ന്യൂഡൽഹി: നിയുക്ത എംപി കങ്കണാ റണാവത്തിന് അടിയേറ്റ സംഭവത്തിൽ കങ്കണയ്‌ക്ക് പിന്തുണയുമായി നടൻ അനുപം ഖേർ. സംഭവത്തെ കുറിച്ച് മാദ്ധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആരും നിയമം കയ്യിലെടുക്കരുതെന്നും ഉദ്യോഗസ്ഥരുടെ ഇത്തരത്തിലുള്ള പ്രവൃത്തികൾ വളരെയധികം തെറ്റാണെന്നും അനുപം ഖേർ പറഞ്ഞു.
അധികാരം ഉപയോഗിച്ച് ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ മർദ്ദിച്ചു. ഇത് തികച്ചും തെറ്റാണ്. അവർക്കെതിരെ കർശന നടപടി സ്വീകരിക്കണം. നിയമപരമായ അന്വേഷണം നടത്തണം. ഒരിക്കലും ആരും അധികാരം മുതലെടുത്ത് ഇത്തരം പ്രവൃത്തികൾ ചെയ്യാൻ മുതിരരുത്. ഇത് വളരെ സങ്കടകരവും ദൗർഭാഗ്യകരവുമാണെന്നും അനുപം ഖേർ മാദ്ധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
എൻഡിഎ യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിലേക്ക് പോകുന്നതിനിടെ ചണ്ഡീഗഡ് വിമാനത്താവളത്തിൽ വച്ചാണ് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) ഉദ്യോഗസ്ഥ കങ്കണയെ മർദ്ദിച്ചത്. സംഭവത്തിന് പിന്നാലെ കങ്കണ ഇൻസ്റ്റഗ്രാമിലൂടെ വീഡിയോ പങ്കുവച്ചിരുന്നു. ഇതോടെ സംഭവം വിവാദമാകുകയും ഉദ്യോഗസ്ഥക്കെതിരെ ഐപിസി 321, 341 വകുപ്പുകൾ പ്രകാരം കേസെടുക്കുകയും ചെയ്തു.















