ടെക്സാസ്: യുഎസിൽ പിസ കഴിച്ചതിന് പിന്നാലെ പെൺകുട്ടി മരിച്ചു. എമേഴ്‌സൺ കേറ്റ് കോൾ (11) ആണ് മരിച്ചത്. ടെക്‌സാസിലെ ലാ ജോയയിലെ ഒരു മിഡിൽ സ്‌കൂളിലെ വിദ്യാർത്ഥിയായിരുന്നു. കുട്ടിക്ക് പാൽ ഉൽപന്നങ്ങളോട് അലർജി (ഡയറി അലർജി) ഉണ്ടായിരുന്നതായാണ് സൂചന.
സ്കൂളിലെ ഫുഡ് കോർട്ടിൽ നിന്ന് പിസ കഴിച്ചതിന് പിന്നാലെ കുട്ടിക്ക് ചുമയും ശ്വാസം മുട്ടലും അനുഭവപ്പെട്ടു. തുടർന്ന് അദ്ധ്യാപകർ കോളിനെ അടുത്തുള്ള ക്ലിനിക്കിൽ എത്തിച്ചു. ചുമയുടെ മരുന്ന് നൽകാൻ അനുമതി തേടി മെഡിക്കൽ സ്റ്റാഫ് കുട്ടിയുടെ അമ്മയെ വിളിച്ചു. എന്നാൽ, കുട്ടി മരുന്ന് വലിച്ചെറിഞ്ഞെന്നും കോളിന്റെ മുത്തശ്ശി എത്തിയപ്പോഴേക്കും കുഴഞ്ഞുവീണുവെന്നും റിപ്പോർട്ടുണ്ട്.
രണ്ട് ദിവസത്തിന് ശേഷം ആശുപത്രിയിൽ വച്ചാണ് കോൾ മരിച്ചത്. അലർജിയുടെ വിവരം സ്കൂളിനെ അറിയിച്ചിരുന്നതായും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥയാണ് മകളുടെ മരണത്തിന് കാരണമെന്നും ആരോപിച്ച് രക്ഷിതാക്കൾ രംഗത്ത് വന്നു. കുട്ടിക്ക് കൃത്യസമയത്ത് എപിനെഫ്രിൻ ഷോട്ട് ( അലർജി മരുന്ന്) നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി അവർ പൊലീസിൽ പരാതി നൽകി.
ഡയറി അലർജി ചെറിയ കുട്ടികൾക്കിടയിൽ സാധാരണമാണ്. പ്രായപൂർത്തിയാകുന്നതുവരെ ഇത് നിലനിൽക്കുമെങ്കിലും മരണ കാരണമാകാറില്ല.