ഷെയ്ൻ നിഗം പ്രധാന വേഷങ്ങളിലൊന്നിൽ എത്തിയ ലിറ്റിൽ ഹാർട്ട്‌സ് സിനിമയ്ക്ക് സമ്മിശ്ര പ്രതികരണം. ആദ്യ ദിനങ്ങളിൽ പ്രതീക്ഷിച്ച തളളിക്കയറ്റം ഉണ്ടായില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നടൻ ഉണ്ണിമുകുന്ദനെതിരെ ഷെയ്ൻ നിഗം നടത്തിയ വിവാദ പരാമർശം വലിയ വിവാദത്തിനും പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. തുടർച്ചയായി വിവാദങ്ങൾ വലിച്ചുവെയ്‌ക്കുകയും സഹതാരങ്ങളെ ആക്ഷേപിക്കുകയും ചെയ്യുന്ന ഷെയ്ൻ നിഗത്തിനെ പ്രേക്ഷകരും കൈവിടുന്നുവെന്നാണ് ബോക്‌സോഫീസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അതേസമയം സിനിമാക്കാരെ, കലാകാരൻമാരെ രാഷ്‌ട്രീയവും കൊടിയുമായി കൂട്ടിക്കുഴയ്‌ക്കരുതെന്ന് നടൻ ബാബുരാജ് അഭ്യർത്ഥിച്ചു. ബാബുരാജും സിനിമയിൽ പ്രധാന വേഷം ചെയ്തിട്ടുണ്ട്. സിനിമയുടെ ആദ്യ ഷോയ്‌ക്ക് ശേഷം ഓൺലൈൻ മാദ്ധ്യമങ്ങളോട് സംസാരിക്കവേയാണ് ബാബുരാജ് അഭിപ്രായം തുറന്നുപറഞ്ഞത്.
ഞാൻ സിനിമയിൽ വന്ന സമയത്ത് അങ്ങനെ ഉണ്ടായിരുന്നില്ല. ഇത്രയും ആളുകളുടെ കൂട്ടായ പണിയാണ്. പുതിയ ഡയറക്ടർമാർ, കാശ് മുടക്കിയ പ്രൊഡ്യൂസർമാർ, ഒരിക്കലും കലാകാരൻമാരെ ആരും അങ്ങനെ കാണരുതെന്നും ഞങ്ങൾക്ക് അങ്ങനെയൊന്നും ഇല്ലെന്നും ബാബുരാജ് പറഞ്ഞു. നമ്മളെ ഏൽപിക്കുന്ന ജോലി ചെയ്യുക എന്ന് മാത്രമേയൂളളൂ. ചിരിപ്പിക്കുകയാണെങ്കിൽ ചിരിപ്പിക്കുക. അത് മാത്രമേ കാണാൻ പാടുളളു. മതവും രാഷ്‌ട്രീയവും കൊടിയും വർഗവും ഒന്നും ഇതിൽ കൂട്ടിച്ചേർക്കരുതെന്നും ബാബുരാജ് അഭ്യർത്ഥിച്ചു.
ലിറ്റിൽ ഹാർട്ട്‌സിലെ വേഷം ഏറെ ആസ്വദിച്ചതായി ബാബുരാജ് പറഞ്ഞു. കുറെ നാളായി കോമഡി ചെയ്തിട്ട്. കോമഡിയോടൊപ്പം ഞങ്ങളുടെ പ്രായത്തിലുളള റൊമാൻസും രസകരമായിട്ടുണ്ടെന്നും അദ്ദേഹം കൂ്ട്ടിച്ചേർത്തു. സിനിമയിലെ നായിക മഹിമ നമ്പ്യാരുമൊത്തുളള ഒരു അഭിമുഖത്തിലാണ് ഉണ്ണി മുകുന്ദന്റെ പ്രൊഡക്ഷൻ കമ്പനിയെ മോശം വാക്കുകളിലൂടെ ഉച്ഛരിച്ച് ഷെയ്ൻ വിവാദത്തിലായത്. പിന്നീട് ദുബായിൽ നടന്ന പ്രമോഷൻ പരിപാടിയിൽ ഷെയ്ൻ മാപ്പ് പറഞ്ഞെങ്കിലും സിനിമാ പ്രേമികളിൽ വലിയ എതിർപ്പിന് വഴിവെച്ചിരുന്നു.















