പൂനെ: കടുത്ത ചൂടും ജലക്ഷാമവും നേരിടുന്ന മഹാരാഷ്‌ട്രയിലെ പല പ്രദേശങ്ങളിലും ആശ്വാസമായാണ് വ്യാഴാഴ്ച മഴയെത്തിയത്. എന്നാൽ കാത്തിരുന്നു കിട്ടിയ മഴയെ ആഘോഷമാക്കി മാറ്റിയ ഒരു ചെറുപ്പക്കാരന്റെ വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ ചിരിപടർത്തുന്നത്. പൂനെയിൽ വ്യാഴാഴ്ച പെയ്ത കനത്തമഴയിൽ റോഡുകൾ എല്ലാം വെള്ളത്തിലായി. വെള്ളക്കെട്ടിൽ മെത്തയിട്ട് അതിൽ കിടന്നു സർഫിങ് ചെയ്യുന്ന യുവാവിന്റെ വീഡിയോ ആണ് ആളുകളെ ചിരിപ്പിക്കുന്നത്.
ഊർമി എന്ന് പേരുള്ള ഉപയോക്താവാണ് സമൂഹ മാധ്യമമായ എക്‌സിലൂടെ 15 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയിൽ വെള്ളക്കെട്ടിലൂടെ മെത്തയിൽ ഒഴുകിപോകുന്ന യുവാവിന് ഇരുവശത്തുകൂടി നിരവധി ഇരുവാഹനങ്ങളും സഞ്ചരിക്കുന്നതായി കാണാം. ഇവരെയൊക്കെ ഇയാൾ കൈവീശി നിയന്ത്രിക്കുന്നുമുണ്ട്. കഴിഞ്ഞ ദിവസം പങ്കുവച്ച വീഡിയോ ഇതിനോടകം 47,000 ൽ അധികം പേർ കണ്ടിട്ടുണ്ട്.
വീഡിയോ കണ്ടവരെല്ലാം കമന്റ് ബോക്സിൽ രസകരമായ കമന്റുകളും പങ്കുവച്ചു. “പരിസ്ഥിതി സൗഹൃദ യാത്ര,” പൂനെയിലെ “അലാവുദീൻ മാന്ത്രിക പരവതാനിയിൽ” എന്നിങ്ങനെയാണ് ചിലർ പങ്കുവച്ച കമന്റുകൾ.