കുഞ്ചാക്കോ ബോബൻ വ്യത്യസ്ത വേഷത്തിലെത്തുന്ന പുതിയ ചിത്രം ഗർർർ -ന്റെ ട്രെയിലർ പുറത്ത്. പൃഥ്വിരാജിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ട്രെയിലർ പുറത്തുവിട്ടത്. ഈ മാസം 14-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
നായകനെ കാണാനില്ലെന്ന വാർത്തയിൽ നിന്നാണ് ട്രെയിലർ തുടങ്ങുന്നത്. സംഭവ ബഹുലമായ രംഗങ്ങൾ ഉൾപ്പെടുത്തി സിനിമാസ്വാദകരെ പിടിച്ചിരുത്തുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ട്രെയിലറിൽ നിന്നും വ്യക്തമാണ്. തിരുവനന്തപുരം നഗരവും മൃഗശാലയുമാണ് ചിത്രത്തിന്റെ പശ്ചാത്തലം. മദ്യപിച്ച് ബോധമില്ലാതെ സിംഹക്കൂട്ടിൽ അതിക്രമിച്ച് കയറുന്ന യുവാവിനെ രക്ഷപ്പെടുത്താനുള്ള തത്രപ്പാടാണ് സിനിമ പറയുന്നത്.
ജെയ് കെയും പ്രവീണും ചേർന്ന് തിരക്കഥ ഒരുക്കിയ ചിത്രം ജെയ് കെയാണ് സംവിധാനം ചെയ്തിരിക്കുന്നത്. സുരാജ് വെഞ്ഞാറമുട്, സെന്തിൽ, മഞ്ജു പിള്ള എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഷാജി നടേശനും നടന്‍ ആര്യയുമാണ് ചിത്രം നിര്‍മിച്ചത്. ചിരിവിരുന്നായിരിക്കും ഗർർർ പ്രേക്ഷകർക്ക് സമ്മാനിക്കുകയെന്നാണ് ട്രെയിലറിൽ നിന്നും വ്യക്തമാവുന്നുണ്ട്.