ശ്രീനഗർ: രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളായ നാല് സർക്കാർ ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പുറത്താക്കി ജമ്മുകശ്മീർ ഭരണകൂടം. നാല് പേർക്കും ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. പൊലീസ് കോൺസ്റ്റബിൾ തസ്തികയിലുള്ള രണ്ട് പേർ, ഒരു ടീച്ചർ, ജൽശക്തി വകുപ്പിലെ ജീവനക്കാരൻ എന്നിവരെയാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്.
സമാനകുറ്റകൃത്യത്തിൽ ഏർപ്പെട്ട നാല് സർക്കാർ ഉദ്യോഗസ്ഥരെ കഴിഞ്ഞ വർഷവും ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇവർ രാജ്യവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ടതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. ഒരു ഡോക്ടർ, പൊലീസുകാരൻ, ടീച്ചർ, ലാബ് ടെക്നീഷ്യൻ എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്.
ജമ്മുകശ്മീർ ഭരണകൂടത്തെ അട്ടിമറിക്കാൻ സർക്കാർ ഉദ്യോഗസ്ഥരുമായി ബന്ധം സ്ഥാപിക്കാൻ ഭീകരർ ശ്രമിക്കാറുണ്ട്. മേഖലയിൽ വിഘടനവാദം ശക്തമാക്കാനും ഭീകരാക്രമണങ്ങൾക്ക് വേണ്ട സഹായങ്ങൾ ഉറപ്പുവരുത്താനും സുരക്ഷാ ഉദ്യോഗസ്ഥരെ ഉൾപ്പടെ വരുതിയിലാക്കാൻ ഭീകരർ ശ്രമിക്കുന്നത് പതിവാണ്.















